മലപ്പുറം: ലഡാക്കിൽ വാഹനാപകടത്തിൽ മരിച്ച സൈനികന് ജന്മനാട് അന്ത്യാഞ്ജലിയര്‍പ്പിച്ചു. ഭൗതിക ശരീരം ആംബുലന്‍സില്‍ വിലാപയാത്രയായി സ്വദേശമായ പരപ്പനങ്ങാടിയിലെത്തിച്ചപ്പോള്‍ ഒരുനോക്കു കാണാനായി ആയിരങ്ങളാണ് തടിച്ചു കൂടിയത്. ഷൈജൽ പഠിച്ചു വളർന്ന തിരൂരങ്ങാടി യതീം ഖാനയിലും സൂപ്പിക്കുട്ടി നഹ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലും ഭൗതിക ശരീരം പൊതുദർശനത്തിനു വച്ചു.
ഷൈജലിന്‍റെ മൃതദേഹവുമായി ഡല്‍ഹിയിൽ നിന്നുള്ള സൈനിക സംഘം രാവിലെ 10.10നാണ് കരിപ്പൂരിലെത്തിയത്. സംസ്ഥാന സർക്കാരിന് വേണ്ടി ജില്ല കലക്‌ടറും ജനപ്രതിനിധികളും ജവാൻമാരും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. ഇ.ടി മുഹമ്മദ് ബഷീർ എം.പി, എംഎൽഎമാരായ കെ.പി.എ മജീദ്, പി. അബ്‌ദുൽ ഹമീദ് തുടങ്ങിയവരും വിമാനത്താവളത്തിൽ എത്തിയിരുന്നു.
വെള്ളിയാഴ്‌ച രാവിലെ 9ന് ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടാണ് ഷൈജൽ ഉൾപ്പെടെ 7 ജവാന്മാർ മരിച്ചത്. ഗുജറാത്ത് സൈനിക പോയിന്‍റിൽ ഹവിൽദാറായ ഷൈജൽ അടുത്ത വർഷം വിരമിക്കാനിരിക്കെയാണ് വീരമൃത്യു വരിച്ച വാർത്ത നാടിനെയാകെ വേദനയിലാക്കിയത്. പൊതുദർശനത്തിനു ശേഷം വൈകിട്ട് 4ന് അങ്ങാടി മുഹിയുദ്ദീൻ ജുമാഅത്ത് പള്ളിയിലായിരുന്നു ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം.
Also Read ലഡാക്ക് അപകടത്തില്‍ മരിച്ചവരിൽ മലയാളിയും ; കൊല്ലപ്പെട്ടത് പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷൈജിൽ