മലപ്പുറം: കാപ്പ നിയമപ്രകാരമുള്ള വിലക്ക് ലംഘിച്ച് പ്രതി ജില്ലയിൽ പ്രവേശിച്ചതിനെത്തുടര്‍ന്ന് അറസ്‌റ്റിലായി. കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശനവിലക്ക് ഉണ്ടായിരുന്ന തിരൂർ തൃപ്രങ്ങോട് സ്വദേശി ആലുക്കല്‍ വീട്ടില്‍ സാബിനൂൽ (38) ആണ് വിലക്ക് മറികടന്നതിന് അറസ്‌റ്റിലായത്. ഇയാള്‍ വിവിധ കേസുകളിൽ പ്രതിയാണ്. അറസ്‌റ്റ് ചെയ്ത പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാകി.
പ്രവേശന വിലക്ക് ലംഘിച്ച് സാബിനൂൽ ജില്ലയിൽ പ്രവേശിച്ചിട്ടുണ്ടെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് ഐപിഎസിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്. തിരൂർ പൊലീസ് ഇന്‍സ്പെക്‌ടര്‍ ജിജോയുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്‌ടര്‍ ജിഷിൽ, സിപിഒമാരായ ഉണ്ണിക്കുട്ടൻ, ധനീഷ് എന്നിവര്‍ ചേർന്നാണ് പ്രതിയെ പിടികൂടിയത്. 2007 ലെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനം തടയൽ (കാപ്പ) പ്രകാരം സാബിനൂലിനെ ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിയിരുന്നു. അതുകൊണ്ടുതന്നെ ജില്ലാ പൊലീസ് മേധാവിയുടെ മുൻകൂർ അനുമതിയില്ലാതെ ജില്ലയിൽ പ്രവേശിച്ചാൽ അറസ്‌റ്റ് ചെയ്യുമെന്നായിരുന്നു ഉത്തരവ്.