മലപ്പുറം: കൊവിഡ് രോഗം സംസ്ഥാനത്ത് ക്രമാതീതമായി വർധിക്കുന്നതിനിടെ കൊവിഡ് വ്യാപനം തടയുന്നതിന് യന്ത്രവും മൊബൈല്‍ ആപ്ലിക്കേഷനും വികസപ്പിച്ചെടുത്ത് രണ്ട് യുവാക്കൾ. കൊവിഡ്-19 വൈറസ് ട്രാക്കര്‍ എന്ന ഈ സംവിധാനം സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം തടയുകയാണ് ലക്ഷ്യമിടുന്നത്. നിലമ്പൂര്‍ വടപുറം സ്വദേശി എബിന്‍ സുഹൃത്ത് തൃശൂര്‍ അയ്യന്തോള്‍ സ്വദേശി അനില്‍ കുമാര്‍ എന്നിവരാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്.
സമൂഹ വ്യാപനം എന്ന ആപത്തിന്‍റെ സൂചന നല്‍കി സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് രോഗബാധിതരുടെ എണ്ണം ദിവസേന വർധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കൊറോണ വൈറസിനെ കണ്ടെത്തി രോഗ വ്യാപനം തടയുന്നതിനുള്ള കണ്ടുപിടുത്തവുമായി യുവ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദധാരികള്‍ രംഗത്തെത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയർത്തുന്ന രോഗ വ്യാപനം തടയുന്നതിന് പ്രാധാന്യം നല്‍കി വികസിപ്പിച്ചെടുത്ത സംവിധാനത്തെ നിയന്ത്രിക്കുന്നത് ഒരു ബ്ലൂ ടൂത്ത് യന്ത്രഭാഗവും മൊബൈല്‍ ആപ്ലിക്കേഷനുമാണ്.
ഈ സംവിധാനം വഴി ഒരു വ്യക്തി വൈറസ് ബാധിതനാണോ എന്ന് അറിയാൻ സാധിക്കും. രോഗി ആരൊക്കെയുമായി സമ്പര്‍ക്കത്തില്‍ വന്നു എന്ന് അറിയാനും ഇതിലൂടെ സാധിക്കും. മറ്റൊരാളുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ അയാളുടെ ശരീര താപനില കണക്കാക്കി രോഗ ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് മനസിലാക്കാനുമാകും. ആപ്ലിക്കേഷന്‍ വഴി ഒരു വ്യക്തിയുടെ അവസാന 14 ദിവസത്തെ വിശദമായ സമ്പര്‍ക്ക പട്ടിക വേഗം കണ്ടുപിടിക്കുന്നത് രോഗ വ്യാപനത്തിന്‍റെ തോത് നേര്‍ പകുതിയാക്കി കുറയ്ക്കാൻ സഹായിക്കും. ഇതിന് പുറമെ കൊവിഡുമായി ബന്ധപ്പെട്ട ജാഗ്രത നിര്‍ദേശങ്ങളും ആഗോള തലത്തിലടക്കമുള്ള എല്ലാ പുതിയ വാര്‍ത്തകളും ഈ ആപ്പുവഴി അറിയിക്കും.
പ്രാരംഭ ഘട്ടങ്ങളെല്ലാം പൂര്‍ണമായി വിജയം കണ്ട പരീക്ഷണം ഒരു ആപ്ലിക്കേഷനായി പുറത്തിറങ്ങാന്‍ ചിലവ് ഏറെയാണ്. സാമ്പത്തികമായ പിന്തുണയാണ് ഈ യുവാക്കള്‍ക്ക് ഇപ്പോള്‍ ആവശ്യം. ഉടന്‍ തന്നെ കൊവിഡ് ട്രാക്കര്‍ ആപ്ലിക്കേഷനായി ജനങ്ങള്‍ക്കിടയില്‍ എത്തിക്കാനുള്ള പരിശ്രമത്തിലാണിവര്‍. നേരത്തേ റബര്‍ വെട്ടാനുള്ള ടാപ്പിംങ് യന്ത്രം വികസിപ്പിച്ചെടുത്തും അനില്‍ കുമാര്‍ ശ്രദ്ധ നേടിയിരുന്നു. തങ്ങളുടെ ഈ പുതിയ കണ്ടുപിടുത്തം കൊവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണിരുവരും.