മലപ്പുറം: സാമൂഹ്യ മാധ്യമം വഴി ബന്ധം സ്ഥാപിച്ച് യുവാവിൽ നിന്ന് 11 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ ദമ്പതികൾ പിടിയിൽ. തിരുവനന്തപുരം വർക്കല സ്വദേശികളായ റാഷിദ (38), ബൈജു (42) എന്നിവരാണ് അറസ്റ്റിലായത്. അരീക്കോട് എസ്.എച്ച്.ഒ സി.വി ലൈജു മോന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
അരീക്കോട് കടുങ്ങല്ലൂർ സ്വദേശിയായ യുവാവിൽ നിന്നുമാണ് കേസിലെ മുഖ്യപ്രതിയായ റാഷിദ പണം തട്ടിയത്. തൃശൂരിലെ അനാഥാലയത്തിലാണ് താമസിക്കുന്നതെന്നും ക്യാൻസർ രോഗബാധിതയാണെന്നും പറഞ്ഞ് സ്ത്രീ, യുവാവിനെ തെറ്റിദ്ധരിപ്പിയ്‌ക്കുകയായിരുന്നു.
ചികിത്സ ഉൾപ്പടെയുള്ള ആവശ്യങ്ങൾ പറഞ്ഞ് അനുകമ്പ സ്ഥാപിച്ചാണ് റാഷിദയും ഭർത്താവും യുവാവിൽ നിന്ന് പണം കൈക്കലാക്കിയത്. സാമ്പത്തികമായി പ്രയാസമനുമഭവിക്കുന്ന സ്‌ത്രീയെ വിവാഹം കഴിക്കണമെന്ന യുവാവിന്‍റെ ആഗ്രഹം മുതലെടുക്കുകയായിരുന്നു.
വര്‍ക്കലയിലെത്തി അരീക്കോട് പൊലീസിന്‍റെ 'ഓപ്പറേഷന്‍'
മകളുടെ ഫോട്ടോ കാണിച്ചാണ് സ്‌ത്രീ യുവാവിനെ തട്ടിപ്പിനിരയാക്കിയത്. വിവാഹം കഴിക്കണമെന്ന ആഗ്രഹം യുവതിയെ അറിയിച്ചപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തായത്. ഇതോടെ യുവാവ് തന്നെ പ്രതികളെ തിരുവനന്തപുരത്തെത്തി കണ്ടെത്തുകയും ഇതിന്‍റെ അടിസ്ഥാനത്തിൽ അരീക്കോട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് യുവാവിന്‍റെ പരാതിയിൽ അരീക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിയ്‌ക്കുകയായിരുന്നു.
എസ്.ഐ അഹ്‌മദ്, എ.എസ്.ഐ രാജശേഖരൻ, വനിത ഉദ്യോഗസ്ഥയായ ജയസുധ എന്നിവര്‍ തിരുവനന്തപുരം വർക്കലയിൽ വച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. എന്നാൽ, സമാനമായ രീതിയിൽ ദമ്പതികൾ മറ്റ് ആളുകളെയും വഞ്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് അരീക്കോട് എസ്.എച്ച്.ഒ സിവി ലൈജു മോൻ പറഞ്ഞു. സംഭവത്തിൽ ദമ്പതികൾക്കെതിരെ വഞ്ചന ഉൾപ്പെടെയുള്ള കുറ്റം ചുമത്തി മഞ്ചേരി സി.ജെ.എം കോടതിയിൽ ഹാജരാക്കി, ശേഷം റിമാൻഡ് ചെയ്‌തു.
ALSO READ: ഇനിയും യാത്ര തുടരാൻ ബാബു; സന്തോഷത്തോടെ ആശുപത്രി വിട്ടു