കോഴിക്കോട് : തീ അണയ്ക്കാൻ നിയോഗിക്കപ്പെട്ടവർ തന്നെ തീവെച്ചു. എവിടെ തീവെച്ചു എന്നത് അതിലും കൗതുകം. മലപ്പുറം പരിയാപുരത്ത് കുടിവെള്ളം മുട്ടിയവരെ സഹായിക്കാനെത്തിയ കേരള ഫയർഫോഴ്‌സാണ് കിണറിന് തീവെച്ചത്. ഇനി കാര്യത്തിലേക്ക് വരാം (Malappuram Pariyapuram Diesel Wells).
ഓഗസ്റ്റ് 20ന് പുലർച്ചെയാണ് ടാങ്കര്‍ മറിഞ്ഞ് പരിയാപുരത്തെ കിണറുകളില്‍ ഡീസല്‍ കലർന്നത്. ആറ് കിണറുകളാണ് ഡീസല്‍ കലർന്ന് മലിനമായത്. വെള്ളം പമ്പ് ചെയ്ത് കിണറുകള്‍ വൃത്തിയാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പലതരത്തില്‍ ആലോചിച്ചിട്ടും കിണറുകള്‍ വൃത്തിയാക്കിയെടുക്കാൻ ആശയമൊന്നും ഉരുത്തിരിഞ്ഞില്ല (Diesel Tanker Skids Off at Malappuram).
ഒടുവില്‍ അറ്റകൈ പ്രയോഗമെന്ന നിലയില്‍ കലക്ടറുടെ നിര്‍ദേശപ്രകാരമാണ് ഫയര്‍ഫോഴ്‌സ് എത്തിയത്. അങ്ങനെ പരിയാപുരത്തെ കോണ്‍വെന്‍റിലെ കിണറിന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തീയിട്ടു. നേരത്തെ ഒരു തവണ ഇതേ രീതിയില്‍ ഈ കിണറ്റില്‍ തീയിട്ട് ഡീസല്‍ സാന്നിദ്ധ്യം ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കിണറില്‍ ഡീസല്‍ നിറയുന്നത് അവസാനിക്കാതിരുന്നതോടെ വീണ്ടും തീയിട്ടു (Firefighters set fire to the well).
കിണറില്‍ നിന്ന് തീ ആളിക്കത്തി സമീപത്തെ തെങ്ങിലേക്കും പടർന്നു. തെങ്ങ് പൂർണമായും കത്തി നശിച്ചു. ടാങ്കര്‍ ലോറി മറിഞ്ഞ പ്രദേശത്തുനിന്ന് 800 മീറ്റർ അകലെയാണ് കോണ്‍വെന്‍റിലെ കിണര്‍. കിണറുകളില്‍ ഡീസല്‍ കലർന്നതോടെ പ്രദേശത്ത് കുടിവെള്ള പ്രശ്നം രൂക്ഷമാണ്. സംഗതി എന്തായാലും തീ കെടുത്താൻ മാത്രമല്ല, തീ കൊളുത്തിയും സഹായിക്കാൻ കേരള ഫയർഫോഴ്‌സ് റെഡിയാണ്.
ഡീസല്‍ മണക്കുന്ന പരിയാപുരം : ഓഗസ്റ്റ് 20ന് പുലർച്ചെയാണ് ചീട്ടാമല-പരിയാപുരം റോഡില്‍ പരിയാപുരം പള്ളിക്ക് സമീപം ടാങ്കർ ലോറി മറിഞ്ഞത്. ടാങ്കറിലുണ്ടായിരുന്ന 20000 ലിറ്റർ ഡീസലും മണ്ണില്‍ കലർന്നുവെന്നാണ് കരുതുന്നത്. പ്രദേശത്തെ ആറ് കിണറുകളും മൂന്ന് കുഴല്‍ കിണറുകളും ഡീസല്‍ കലർന്ന അവസ്ഥയിലാണ്. നാട്ടുകാർ ആദ്യം എണ്ണക്കിണർ എന്നും ഡീസല്‍ കിണർ എന്നുമൊക്കെ പേരിട്ടെങ്കിലും ഇപ്പോൾ സ്ഥിതി ഗുരുതരമാണ്. രൂക്ഷമായ കുടിവെള്ള പ്രശ്‌നം മാത്രമല്ല, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് പരിയാപുരത്തുകാർ ഇപ്പോൾ നേരിടുന്നത് (Diesel mixed in wells of Pariyapuram).
also read: 'പണി അറിയാവുന്നവർ ഇല്ല, തീ പിടിച്ചാല്‍ പണി പാളും', പരിശീലനവുമായി കൊയിലാണ്ടി ഫയർഫോഴ്‌സ്
വെള്ളത്തിന് കാശ് കൊടുക്കേണ്ടി വരുമോ : നിലവില്‍ പഞ്ചായത്ത് പൈപ്പ് വെള്ളത്തിന് കണക്ഷൻ കൊടുത്തിട്ടുണ്ട്. പക്ഷേ ടാങ്കറില്‍ വെള്ളമെത്തിക്കലും പൈപ്പ് വെള്ളവും പഞ്ചായത്തിന് ശാശ്വതമായി ചെയ്യാനാകില്ലെന്നാണ് അധികൃതർ പറയുന്നത്. ജലസ്രോതസ് പൂർണമായും നഷ്‌ടമാകുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. മരങ്ങൾ ഉണങ്ങുമോ, കൃഷിയെ ബാധിക്കുമോ എന്നിങ്ങനെയും ആശങ്കകളുണ്ട്. അത് മാത്രമല്ല, അപകടം നടന്നിട്ട് മൂന്നാഴ്‌ച പിന്നിടുമ്പോഴും നിയമനടപടികൾ സ്വീകരിച്ചിട്ടില്ല.
ഡീസല്‍ ചോർന്നതുമായി ബന്ധപ്പെട്ട് ഈമാസം 19ന് ലീഗല്‍ സർവീസസ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. വെള്ളം പണം കൊടുത്ത് വാങ്ങേണ്ട അവസ്ഥ വരുമോ എന്നാണ് പരിയാപുരത്തുകാർ ചോദിക്കുന്നത്.