മലപ്പുറം: അമ്മമാരുടെ സ്നേഹ കരുതലില്‍ മക്കൾ എന്നും സുരക്ഷിതരാണെന്ന് തെളിയിക്കുന്നതാണ് നാടുകാണി ചുരത്തിലെ കുട്ടി ആനയുടെയും അമ്മ ആനയുടെയും ദൃശ്യങ്ങൾ. റോഡ് മുറിച്ച് കടക്കുന്നതിനിടെ ഡിവൈഡർ ചാടി കടക്കാൻ ബുദ്ധിമുട്ടുകയായിരുന്നു ഒരു കുട്ടിക്കുറുമ്പൻ. ഡിവൈഡർ കടക്കാൻ കഴിയാതെ വിഷമിച്ച കുട്ടിക്കുറുമ്പനെ അമ്മ ആന എത്തി തുമ്പിക്കയ്യില്‍ കോരി എടുക്കുകയായിരുന്നു. നാടുകാണി ചുരം പാതയില്‍ യാത്രക്കാർക്ക് കൗതുകക്കാഴ്ചയായി മിക്ക സമയവും ആനക്കൂട്ടം ഉണ്ടാവും. ആനക്കൂട്ടം തീറ്റ തിന്നുന്ന കാഴ്ച ആസ്വദിച്ചാണ് മലപ്പുറം വഴിക്കടവ് വഴി ഇതര സംസ്ഥാനങ്ങളിലേക്കുള്ള സഞ്ചാരം.
ചുരം പാതയിലെ ഒന്നാം വളവ് പോത്തുംകുഴി, തകരപാടി, അമ്പലമുക്ക് ഭാഗങ്ങളിലാണ് ആനക്കൂട്ടത്തെ പതിവായി കാണുന്നത്. മിക്ക ദിവസങ്ങളിലും പകൽ സമയങ്ങളിൽ പാതയില്‍ ആനക്കൂട്ടമുണ്ട്. ഏഴ് ആനകളും രണ്ട് കുട്ടിയാനകളും അടങ്ങുന്ന കൂട്ടമാണ് മിക്കപ്പോഴും പാതയിൽ കാണുന്നത്. രാത്രിയായാല്‍ ആനക്കൂട്ടം ഗതാഗതം തടസപ്പെടുത്തുന്ന സ്ഥിതിയുമുണ്ട്. നാടുകാണിച്ചുരം പാതയില്‍ റോഡ് നവീകരണം പുരോഗമിക്കുകയാണ്. ആനകളുടെ സഞ്ചാരത്തിന് തടസം വരാത്ത രീതിയിലാണ് റോഡ് നിര്‍മാണം. ഒന്നാം വളവ് മുതൽ സംസ്ഥാന അതിർത്തി വരെ കേരളത്തിന്‍റെ ഭാഗത്ത് 41 ആനത്താരകൾ ഉണ്ട്. എല്ലാ ആനത്താരകളും നിലനിർത്തിക്കൊണ്ടാണ് നിര്‍മാണം നടത്തിയത്. സംരക്ഷണ ഭിത്തിക്ക് ഉയരക്കൂടുതലുളള ചില സ്ഥലങ്ങളിൽ ആനകൾക്ക് കയറാനും ഇറങ്ങാനും റാംപ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.