മലപ്പുറം: കെഎസ്ആർടിസി ബസ് സർവീസ് മലയോരമേഖലയോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുന്നിൽ പാട്ടുപാടി സമരം. ഗിന്നസ് ബുക്ക് ജേതാവ് തൃശൂർ നസീറാണ് കെഎസ്ആർടിസി ഡിപ്പോക്ക് മുന്നിൽ കിടന്ന് പാട്ടുപാടി പ്രതിഷേധിച്ചത്.
ജില്ലയിലെ പ്രമുഖ പട്ടണങ്ങളിൽ ഒന്നായ മഞ്ചേരി ഉൾപ്പെടെയുള്ള മലയോര മേഖലയിലേക്ക് മലപ്പുറം നഗരത്തിൽ നിന്നും രാത്രികാലങ്ങളിൽ ബസ് സർവീസുകൾ നടത്താത്തതിൽ പ്രതിഷേധിച്ചാണ് പാട്ടുപാടി പ്രതിഷേധം നടത്തിയത്. ദിനംപ്രതി മുന്നൂറോളം സർവീസുകളുള്ള കെഎസ്ആർടിസിയും സ്വകാര്യ ബസുകളും രാത്രി ഒമ്പത് മണിക്ക് ശേഷം മലയോര മേഖലയിലേക്ക് ബസ് സർവീസ് നടത്താറില്ല. കോടതികളും, നിരവധി വ്യാപാര വാണിജ്യ വിദ്യാഭ്യാസ കേന്ദ്രങ്ങളും, മലപ്പുറം മെഡിക്കൽ കോളജുമുള്ള മഞ്ചേരിയിലേക്ക് രാത്രിയായാൽ മലപ്പുറം നഗരത്തിൽ നിന്നും തിരിച്ച് മഞ്ചേരിയിൽ നിന്നും യാതൊരു ബസ് സർവീസും ഇല്ലാത്തതിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ദീർഘദൂര സർവീസുകൾ നടത്തുന്ന നിലമ്പൂർ തൃശൂർ പാതയിലും, കോഴിക്കോട് പാലക്കാട് പാതയിലും രാത്രികാലങ്ങളിൽ സർവീസ് ഉണ്ടെങ്കിലും, മഞ്ചേരിയിലെത്തുന്ന യാത്രക്കാർ പെരിന്തൽമണ്ണയില്‍ പോയി വേണം മലപ്പുറത്തേക്ക് എത്താൻ. ഇതിന് ജനപ്രതിനിധികൾ മുൻകൈയെടുത്ത് പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെയും ആവശ്യം.