മലപ്പുറം: പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ തെരഞ്ഞെടുപ്പ് ആവേശത്തിലാണ് മലപ്പുറം ജില്ല. പുതുമുഖങ്ങളിലൂടെ വിജയം നേടാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫും, എല്‍ഡിഎഫും. എന്നാൽ ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്ഥാനാര്‍ത്ഥികളിലൂടെ മുന്നേറാമെന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷ.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ തൊണ്ണൂറ് ശതമാനത്തിലധികവും പുതുമുഖങ്ങളാണെന്നതാണ് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയെ വ്യത്യസ്‌തമാക്കുന്നത്. കരുവാരകുണ്ടും പൊൻമുണ്ടവും മക്കരപറമ്പും ഒഴിച്ചാൽ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായ വിഭാഗീയതയും വെല്ലുവിളിയും ഉയർത്തിയ സാമ്പാര്‍ മുന്നണികൾ ഇത്തവണയില്ല എന്നത് മുസ്ലീം ലീഗിനും യുഡിഎഫിനും ആശ്വാസമാണ്. ഒപ്പം ഇടത് ചേരിയിലായിരുന്ന വെല്‍ഫയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയ ധാരണകളും ജില്ലയില്‍ ഗുണം ചെയ്യുമെന്നാണ് മുസ്ലീംലീഗിന്‍റെ പ്രതീക്ഷ. ഇരുപതിലധികം പഞ്ചായത്തുകളിലും നഗരസഭാ, ബ്ലോക്ക് പഞ്ചായത്തിലും വെല്‍ഫയര്‍പാര്‍ട്ടിയും മുസ്ലിം ലീഗുമായി ധാരണ നിലനില്‍ക്കുന്നുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പോലെ മുന്നണി സമവാക്യങ്ങള്‍ രൂപപ്പെടുത്താനായില്ലെങ്കിലും ആത്മവിശ്വാസത്തില്‍ തന്നെയാണ് എല്‍ഡിഎഫും. കഴിഞ്ഞ തവണത്തെ നേട്ടം ആവര്‍ത്തിക്കാനാകുമെന്ന് തന്നെയാണ് എല്‍ഡിഎഫിന്‍റെ പ്രതീക്ഷ. ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളെ ജില്ലയിലുടനീളം പരീക്ഷിക്കുന്ന എന്‍ഡിഎയും നില മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ്.
പരസ്യപ്രചരണത്തിന്‍റെ അവസാന ദിനമായ ഇന്ന് കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മുന്‍തെരഞ്ഞെടുപ്പുകളിലേത് പോലെയുള്ള കൊട്ടിക്കലാശ സംഗമങ്ങള്‍ ഉണ്ടായേക്കില്ല.