മലപ്പുറം: ഉപയോഗ ശേഷം തോട്ടിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് ഏഴ് പേർക്ക് സുഖമായി യാത്ര ചെയ്യാവുന്ന തോണി ഉണ്ടാക്കിയിരിക്കുകയാണ് മലപ്പുറം കൂരിയാട് മാതാടിലെ നാലംഗസംഘം. ലോക്‌ഡൗണാണ് ഇത്തരം ഒരു കാര്യം ചെയ്യാൻ പ്രചോദനമായത്. പ്ലാസ്റ്റിക് നിർമാർജനത്തിന്‍റെ ഭാഗമായി വേങ്ങര തോട്ടിലൂടെ ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളും ശേഖരിച്ച് സംസ്‌കരിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയതാണെങ്കിലും ഭാവനയും ആശയവും ഒത്തുചേർന്നതോടെ നിർമ്മാർജന പദ്ധതി പുനരുൽപാദനത്തിലൂടെ തോണി രൂപത്തിൽ പിറവി എടുക്കുകയായിരുന്നു.
രാഗിൽ, വിഷ്‌ണു, സുജിത്ത്, സുബീഷ് എന്നിവരാണ് ആർക്കും മാതൃകയാകുന്ന ഈ ആശയത്തിന് പിന്നിൽ. സമീപത്തെ തോട്ടിലൂടെ ഒഴുകിയെത്തുന്ന എഴുന്നൂറോളം കുപ്പികൾ ശേഖരിച്ചാണ് തോണി ഉണ്ടാക്കിയത്. കുപ്പികൾ കവുങ്ങ് കൊണ്ട് കെട്ടിയുണ്ടാക്കിയ ഫ്രെയിമിനകത്ത് അടപ്പ് താഴെ ഭാഗത്തേക്ക് വരുന്ന രീതിയിൽ അടുക്കിവെച്ച് അതിനുമുകളിൽ പ്ലാറ്റ്ഫോം കെട്ടിയാണ് തോണിയുടെ അടിഭാഗം ഉണ്ടാക്കിയത്. സാധാരണ തോണികളിലേത് പോലെ പുറംചട്ടകൾ യോജിപ്പിച്ച് കൈവരികളും ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോൾ തോട്ടിൽ മാത്രമാണ് ഗതാഗതം നടത്തുന്നത് താമസിയാതെ കൂടുതലൽ ഒഴുക്കുള്ള കടലുണ്ടിപ്പുഴയിലൂടെ യാത്ര ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇവർ. കൂരിയാട് കാസ്‌മ ക്ലബ്ബിന്‍റെ പ്രവർത്തകരാണ് നാലംഗ സംഘം. പ്ലാസ്റ്റിക് രഹിത കൂരിയാട് എന്ന ആശയം ഉയർത്തി പ്രവർത്തിക്കുന്ന ക്ലബ്ബിന്‍റെ പ്ലാസ്റ്റിക് മാലിന്യ നിർമാർജ്ജന യജ്ഞത്തിന് ഊർജം പകരുന്ന നല്ലൊരു ആശയത്തിലേക്ക് വഴിതുറക്കാൻ ആയ സന്തോഷത്തിലാണ് ഇവർ.