മലപ്പുറം: കനത്ത സുരക്ഷയിൽ മലയോരം പോളിങ് ബൂത്തിലേക്ക്. കേരള-തമിഴ്‌നാട് വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന മേഖലയിലെ വഴിക്കടവ്, പോത്തുകല്‍, എടക്കര, പൂക്കോട്ടുംപാടം, കാളികാവ്, കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധികളിലെ ബൂത്തുകളിലാണ് റിസര്‍വ് ബറ്റാലിയൻ്റെയും തണ്ടര്‍ ബോള്‍ട്ട് സേനയുടെയും സുരക്ഷയില്‍ ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.
87 ബൂത്തുകളാണ് മേഖലയിൽ പ്രശ്‌നബാധിതമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ കണ്ടെത്തിയിട്ടുള്ളത്. ഇക്കാരണത്താല്‍ തന്നെ പ്രദേശത്ത് അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ട എടക്കര ഡി.വൈ.എസ്.പി ബൈജുകുമാറിനാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല. സുരക്ഷ ഉറപ്പ് വരുത്തുന്നതിൻ്റെ ഭാഗമായി പ്രശ്‌നബാധിത ബൂത്തുകളില്‍ ഞായറാഴ്‌ച ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തിയിരുന്നു.
കേരള-തമിഴ്‌നാട് അതിര്‍ത്തി വനമേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന മലയോര മേഖലയില്‍ മാവോവാദി സാന്നിധ്യം സജീവമാണ്. വനങ്ങള്‍ക്കുള്ളിലെ ആദിവാസി കോളനികളില്‍ നിരന്തര സാന്നിധ്യമായി മാവോവാദികള്‍ നിലകൊള്ളുന്നുണ്ട്. ഇക്കാരണത്താല്‍ കനത്ത സുരക്ഷയാണ് മേഖലയില്‍ ആഭ്യന്തരവകുപ്പ് ഒരുക്കിയിട്ടുള്ളത്. സുരക്ഷയുടെ ഭാഗമായി കഴിഞ്ഞ ആഴ്‌ച തൃശൂര്‍ ഡി.ഐ.ജി സന്ദര്‍ശനം നടത്തി ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു.