മലപ്പുറം: കൊവിഡ് മൂലം പ്രഖ്യാപിച്ച ലോക്‌ഡൗണില്‍ പ്രതിസന്ധിയിലായ കർഷകർക്ക് ആശ്വാസമായി മലപ്പുറം ജില്ല പഞ്ചായത്ത്. നെല്‍പാടങ്ങളിലെ കതിരുകൾ കൊയ്യാൻ പാകത്തിലെത്തി നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായി ലോക്‌ഡൗൺ പ്രഖ്യാപിച്ചത്. പാടശേഖരത്തെ കൊയ്ത്ത് ജോലികൾക്ക് ദീർഘകാലമായി ഇതര സംസ്ഥാനത്തെ തൊഴിലാളികളെയാണ് ആശ്രയിച്ചിരുന്നത്. കൊവിഡ് ഭീതി ഉയർന്നതോടെ കൊയ്ത്ത് ജോലിക്കായി എത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ നാട് വിട്ടു. ഡ്രൈവർമാർ ഇല്ലാത്തത് മൂലം കൊയത്ത് യന്ത്രങ്ങളും ഉപയോഗിക്കാൻ ആളില്ലാതെയായി. ഇതോടെ മൂപ്പെത്തിയ നെല്‍ചെടികളുടെ കൊയ്ത്ത് നടത്താൻ കഴിയാതെ കർഷകർ പ്രതിസന്ധിയിലായി.
ജില്ല പഞ്ചായത്തിന്‍റെ ഉടമസ്ഥതയിൽ അഗ്രിക്കൾച്ചറൽ എഞ്ചിനീയറിങ് വിങ്ങിന്‍റെ മേൽനോട്ടത്തിലുള്ള അഞ്ച് കൊയ്ത്ത് യന്ത്രങ്ങളാണ് ഈ സന്ദർഭത്തില്‍ കർഷകർക്ക് തുണയായത്. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് സീനിയോറിറ്റി പ്രകാരം നല്‍കിയിരുന്ന യന്ത്രങ്ങൾ നിലവിലുള്ള പ്രതിസന്ധി പരിഗണിച്ച് ആവശ്യക്കാർക്കെല്ലാം പരമാവധി വേഗത്തിൽ നൽകി സഹായിക്കുകയാണ് ജില്ലാ പഞ്ചായത്ത്. വേങ്ങര, കൊടിഞ്ഞി, ചമ്‌റവട്ടം, എടപ്പാൾ, കാലടി, തവനൂർ, തിരൂരങ്ങാടി, എ.ആർ നഗർ, തെന്നല, നന്നംപ്ര, പരപ്പനങ്ങാടി തുടങ്ങി നിരവധി പ്രദേശങ്ങളിലെ പാടശേഖരങ്ങളിൽ ജില്ലാ പഞ്ചായത്തിന്‍റെ കൊയ്ത്ത് യന്ത്രം കർഷകർക്ക് വലിയ ആശ്വാസമായി.
മണിക്കൂറിന് 1500 രൂപ മാത്രമാണ് ജില്ലാ പഞ്ചായത്തിന്‍റെ കൊയ്ത്ത് മെഷീന് ഈടാക്കുന്ന വാടക. ഡ്രൈവറുടെ കൂലിയും മെഷീന്‍റെ ട്രാൻസ്പോർട്ടിങ് ചെലവും ആവശ്യക്കാർ വഹിക്കണം. അതേസമയം, 2500 മുതൽ 3000 രൂപ വരെയാണ് ജില്ലക്ക് പുറത്ത് നിന്ന് കൊണ്ട് വരുന്ന കൊയ്ത്ത് മെഷീനുകൾ ഈടാക്കുന്ന വാടക. കൃഷിയിറക്കിയ കർഷകരും പാടശേഖര സമിതികളും കൊയ്ത്ത് യന്ത്രം ആവശ്യമുണ്ടെങ്കിൽ കൃഷി അസിസ്റ്റന്‍റ് എഞ്ചിനീയറെ ബന്ധപ്പെട്ടേണ്ടതാണെന്നും ജില്ല പഞ്ചായത്ത് അറിയിച്ചു.