മലപ്പുറം: കുട്ടികൾക്ക് പഴങ്ങളും കളി കോപ്പുകളുമായി ജില്ലാ കലക്ടർ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തി. പിതാവിന്‍റെയും രണ്ടാനമ്മയുടെയും ക്രൂര മർദ്ദനത്തെ തുടർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആറ് വയസുകാരിയേയും നാല് വയസുകാരനെയും കാണാനാണ് ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണൻ എത്തിയത്.
വ്യാഴാഴ്ച്ച 11.45 ഓടെയാണ് അദ്ദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിയത്. നേന്ത്രപഴം, ബിസ്ക്കറ്റ്, ഓറഞ്ച്, ആപ്പിൾ തുടങ്ങിയ പഴങ്ങളും, കളി കോപ്പുകളുമായാണ് കലക്ടർ എത്തിയത്. തമഴിൽ കുട്ടികളോട് കാര്യങ്ങൾ കലക്ടർ ചോദിച്ചറിഞ്ഞു. പ്രതികളെ ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തതായി കലക്ടർ പറഞ്ഞു. പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.
കൂടാതെ വ്യഴാഴ്ച തന്നെ ജില്ലാ ആശുപത്രിയിൽ നിന്നും കുട്ടികളെ ഡിസ്ചാർജ് ചെയ്യും. ഒരാഴ്ച്ച മഞ്ചേരി മെഡിക്കൽ കോളജിൽ ചികൽസ നൽകുമെന്നും കലക്ടർ പറഞ്ഞു. പരിക്ക് ഉള്ളിലേക്ക് ഉണ്ടോയെന്നറിയാൻ സിടി സ്കാൻ എടുക്കും. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യത ശേഷം കുട്ടികളുടെ താൽപര്യപ്രകാരം മലപ്പുറം കോഡൂരിലുള്ള ശിശുക്ഷേമ സമിതിയുടെ ശിശുഭവനിലേക്ക് മാറ്റുമെന്നും കലക്ടർ പറഞ്ഞു. മമ്പാട് ലോഡ്‌ജ് മുറിയിൽ താമസിച്ചിരുന്ന അതിഥി തൊഴിലാളിയായ തകരാജനും, രണ്ടാം ഭാര്യ മരിയമ്മയും ചേർന്നാണ് കുട്ടികളെ പീഡിപ്പിച്ചത്. വടി കൊണ്ട് അടിക്കാറുണ്ടെന്നും കുട്ടികൾ പറഞ്ഞിരുന്നു.