മലപ്പുറം: ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ച രണ്ട് പേരുടെ റൂട്ട് മാപ്പ് പുറത്തിറക്കി. ഇവരുമായി സമ്പർക്കം പുലർത്തിയ മുഴുവൻ പേരും ജില്ലാ ഭരണകൂടത്തിന്‍റെ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ജില്ലാ കലക്‌ടർ നിർദേശിച്ചു. രോഗികളുമായി സമ്പർക്കം പുലർത്തിയവരുടെ എണ്ണം 800 കടക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അരീക്കോട് സ്വദേശിക്കൊപ്പം യാത്ര ചെയ്‌തതും സമ്പർക്കം പുലർത്തിയതുമടക്കം നാല് പഞ്ചായത്തുകളിലെ 300 പേരുടെ പട്ടിക തയ്യാറായി.
വാണിയമ്പലം സ്വദേശിയുമായി നേരിട്ടും അല്ലാതെയും സമ്പർക്കം പുലർത്തിയ 522 പേരാണ് പട്ടികയിലുള്ളത്. വാണിയമ്പലം സ്വദേശി ആദ്യം പരിശോധനക്കെത്തിയ സ്വകാര്യ ക്ലിനിക്കിലെ ആരോഗ്യപ്രവർത്തകരും അരീക്കോട് സ്വദേശി നെടുമ്പാശേരി മുതൽ കരിപ്പൂർ ഹജ്ജ് ഹൗസ് വരെ യാത്ര ചെയ്ത ബസിലെ 40 സഹയാത്രികരും നിരീക്ഷണത്തിലാണ്. രോഗബാധിതർ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രത്യേക നിരീക്ഷണത്തിലാണ്. രണ്ട് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിച്ചു.