മലപ്പുറം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറെ വ്യത്യസ്തമായ സമീപനങ്ങൾ നടപ്പിലാക്കിയ മലപ്പുറം നഗരസഭ ആംബുലൻസ് ഡ്രൈവർമാർക്കും ജീവനക്കാർക്കും മെഡിക്കൽ കിറ്റ് നൽകി. മലപ്പുറം നഗരസഭയിൽ ആരോഗ്യപ്രവർത്തകർക്കും ആർ.ആർ.ടി മെമ്പർമാർക്കും നൽകിയ മെഡിക്കൽ കിറ്റിനു പുറമേയാണ് ആംബുലൻസ് ഡ്രൈവർമാർക്കും ജീവനക്കാർക്കും നഗരസഭ മെഡിക്കൽ കിറ്റ് കൈമാറിയത്.
പി.പി.ഇ കിറ്റുകൾ, പൾസ് ഓക്സി മീറ്ററുകൾ, ഫെയ്സ് ഷീൽഡുകൾ എന്നിവ ഉൾപ്പെടുന്ന മെഡിക്കൽ കിറ്റാണ് ആദ്യ ഘട്ടത്തിൽ കൈമാറിയത്. നഗരസഭക്കു കീഴിൽ പ്രവർത്തിക്കുന്ന കൊവിഡ് കേന്ദ്രങ്ങളിലും, അഭയകേന്ദ്രത്തിലും രോഗികളും, നിരാലംബരും ആയിട്ടുള്ള ആളുകളെ പരിപാലിക്കുന്നതിൽ വലിയ പങ്കാണ് ആംബുലൻസ് ജീവനക്കാരും ഡ്രൈവർമാരും നൽകി വരുന്നത്. ഇതു പരിഗണിച്ചാണ് സന്നദ്ധ സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും ലഭ്യമായ വിവിധ സഹായ ഉപകരണങ്ങൾ നഗരസഭ കൈമാറിയത്.
ALSO READ: ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം : കേരള നിയമസഭ നാളെ പ്രമേയം പാസാക്കും
ചടങ്ങിന്‍റെ ഉത്ഘാടനം നഗരസഭ ചെയർമാൻ മുജീബ് കാടേരി നിർവ്വഹിച്ചു. സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻമാരായ പി.കെ സക്കീർ ഹുസൈൻ, പി.കെ അബ്ദുൽ ഹക്കീം, സിദ്ധീഖ് നൂറേങ്ങൽ, കൗൺസിലർമാരായ സജീർ കളപ്പാടൻ, ശിഹാബ് മൊടയങ്ങാടൻ, നഗരസഭ സെക്രട്ടറി എം.ജോബിൻ, ഹെൽത്ത് സൂപ്പർവൈസർ കെ. മുസ കുട്ടി, ഹെൽത്ത് ഇൻസ്പെക്ടർ സി.എ.ശംസുദ്ധീൻ, ആരോഗ്യ പ്രവർത്തകരായ പി.കെസംജീർ, ഷാജി വാറങ്ങോട്, കുഞ്ഞു പറമ്പൻ, മുനീർ മച്ചിങ്ങൽ, മുനീർ പൊന്മള, ജോർജ് എന്നിവർ പങ്കെടുത്തു.