മലപ്പുറം: എയർ ഇന്ത്യ വിമാനത്തിൽ മധുര മുതൽ കരിപ്പൂർ വരെ ഒറ്റക്ക് ഒരു യാത്ര. ട്രിപ്പ് വിളിച്ചതല്ല പകരം വിമാനത്തിൽ ഒറ്റപ്പെട്ടതാണ്. കരിപ്പൂരിൽ വിമാനമിറങ്ങിയ കണ്ണമംഗലം ചേറൂരിലെ മണ്ടോട്ടിൽ സലാഹുദ്ദീന് വിഐപി പരിഗണനയും ലഭിച്ചു. വിമാനത്തിൽ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ലക്ഷങ്ങൾ ചെലവാകും എന്നിരിക്കെയാണ് പണം ചെലവഴിക്കാതെ മധുര മുതൽ കരിപ്പൂർ വരെ അപൂർവ യാത്രക്ക് സലാഹുദ്ദീന് അവസരം ലഭിച്ചത്.
അബുദാബിയിൽ ജോലി ചെയ്യുന്ന സലാഹുദ്ദീൻ ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ് മുമ്പ് നിശ്ചയിച്ചപ്രകാരം എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്നും കരിപ്പൂരിലേക്ക് യാത്ര ആരംഭിച്ചത്. എയർപോർട്ടിൽ എത്തിയപ്പോഴാണ് വിമാനം മധുര വഴിയാണ് പോകുന്നതെന്ന് സലാഹുദ്ദീൻ അറിയുന്നത്. തുടർന്ന് വിമാനത്തിൽ യാത്ര ആരംഭിക്കുകയും മധുരയിലെത്തിയപ്പോൾ മുഴുവൻ യാത്രക്കാർ ഇറങ്ങുകയും തുടർന്ന് കരിപ്പൂരിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ സലാഹുദ്ദീന് അപൂർവ ഭാഗ്യം ലഭിക്കുകയുമായിരുന്നു.
കരിപ്പൂരിലെത്തി കൊവിഡ് പരിശോധനകൾ പൂർത്തിയാക്കി പുറത്തിറങ്ങിയിട്ടും ഞെട്ടൽ മാറിയിട്ടില്ലെന്ന് സലാഫുദ്ദീൻ പറയുന്നു. തനിക്ക് ലഭിച്ച അപൂർവ നിമിഷത്തെക്കുറിച്ച് ഇപ്പോഴും സ്വപ്‌നമായാണ് തോന്നുന്നതെന്നും സലാഹുദ്ദീൻ പറഞ്ഞു.