മലപ്പുറം : കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ജില്ലയില്‍ ട്രിപ്പിൾ ലോക്ക് ഡൗൺ തുടരുകയാണ്. എന്നാൽ അവധി മുതലെടുത്ത് കൂട്ടം കൂടുന്നതും ഭക്ഷണം പാകം ചെയ്‌ത് കഴിക്കുന്നതുമൊക്കെ ഗ്രാമപ്രദേശങ്ങളിൽ വ്യാപകമാണ്. അത്തരത്തിൽ കോഴി ചുട്ടുകഴിക്കാൻ സംഘം ചേര്‍ന്ന ഒരുകൂട്ടം യുവാക്കൾ പൊലീസിനെ കണ്ട് പാകം ചെയ്ത ഇറച്ചിയും ഉപേക്ഷിച്ച് കടന്നുകളഞ്ഞതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കഴിഞ്ഞ ദിവസം വൈകിട്ട് ആറിന് മഞ്ചേരി നെല്ലിക്കുത്ത് പഴയ ഇഷ്ടിക കമ്പനിക്ക് അടുത്താണ് സംഭവം.
Also Read:ലോക്ക്ഡൗൺ ലംഘനം; സ്വകാര്യ ബസിൽ പരിശോധനക്കെത്തി പൊലീസ്
പൊലീസ് ജീപ്പ് കണ്ടപ്പോൾ തന്നെ സ്വന്തം വാഹനങ്ങളടക്കം ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു. വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരിക്കാനായി യുവാക്കൾ കെട്ടിയ ഷെഡ് പൊളിച്ചുനീക്കി. ഒത്തുകൂടിയവര്‍ എല്ലാം പ്രദേശവാസികളാണ്. ഗ്രാമപ്രദേശങ്ങളിൽ വ്യാപകമായ ലോക്ക്ഡൗണ്‍ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനെ തുടർന്ന് ആകാശ നിരീക്ഷണം ഉൾപ്പെടെ നടത്താനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. എഡിജിപി, ഐജി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ജില്ലയിൽ ക്യാമ്പ് ചെയ്താണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് പൊലീസിന്‍റെ ഡ്രോണ്‍ നിരീക്ഷണങ്ങളുടെ ദൃശ്യങ്ങൾ വൈറലായിരുന്നു. നെല്ലിക്കുത്തെ ദൃശ്യങ്ങൾ പൊലീസ് തന്നെ പുറത്തുവിടുകയായിരുന്നു.