മലപ്പുറം: വാഴയൂർ കാരാട് അഴിഞ്ഞിലംപാടത്ത് ജലാശയത്തിൽ കക്കൂസ് മാലിന്യം തള്ളിയവർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു. അർധരാത്രിയിൽ ടാങ്കറിൽ മാലിന്യം തള്ളുന്നത് കണ്ട പരിസരവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ വാഴക്കാട് പൊലീസ് സ്ഥലത്തെത്തി പ്രതികളെ കയ്യോടെ പിടികൂടി. വർഷങ്ങളായി ഇവിടെ മാലിന്യം തള്ളൽ പതിവാണ്.
എന്നാൽ സംഭവത്തില്‍ പൊലീസ് കർശന നടപടി സ്വീകരിക്കുന്നില്ലന്നാരോപിച്ചാണ് നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചത്. ജലാശയത്തിൽ മാലിന്യം തള്ളിയാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന സർക്കാരിന്‍റെ ഉത്തരവ് പാലിച്ച് ഇത്തരം സാമൂഹ്യ ദ്രോഹികൾക്കെതിരെ നടപടി ശക്തമാക്കിയിട്ടില്ലെങ്കിൽ ഇനിയും ഇത് ആവർത്തിക്കുമെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ഐപിസി 269,277, കെ പി ആക്ട് 120 ഇ എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
പ്രതിഷേധം വാഴയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് വാസുദേവൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പത്മാവതി, ടി.എം സതീഷ്, ശിവദാസൻ, ഉണ്ണികൃഷണൻ, വിജേഷ് തുടങ്ങിയവർ സംസാരിച്ചു.