മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പില്‍ എൻഡിഎ ടിക്കറ്റിൽ മത്സരിച്ച് പാലക്കാട് മണ്ഡലത്തിൽ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യയുടെ മെട്രോ മാൻ ഇ ശ്രീധരൻ സജീവ രാഷ്ട്രീയം അവസാനിപ്പിച്ചു. തോല്‍വിയില്‍ പാഠം പഠിച്ചെന്നും സജീവ രാഷ്ട്രീയം ഒഴിവാക്കി എന്ന് വെച്ച് രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് അർഥമില്ലെന്നും ഇ ശ്രീധരൻ മലപ്പുറത്ത് പറഞ്ഞു.
''ജനങ്ങളെ സേവിക്കാൻ രാഷ്ട്രീയം തന്നെ വേണമെന്നില്ല. ഈ തൊണ്ണൂറാം വയസിൽ രാഷ്ട്രീയത്തിലേക്ക് ചെല്ലുന്നത് അപകടകരമായ സ്ഥിതിയാണ്. ബ്യൂറോക്രാറ്റ് എന്ന നിലയിലാണ് രാഷ്ട്രീയത്തിൽ ചേർന്നതും തെരഞ്ഞെടുപ്പിൽ മത്സരിച്ചതും. അതുകൊണ്ടുതന്നെ നിരവധി കാര്യങ്ങള്‍ പഠിക്കാനായി. പരാജയപ്പെട്ടപ്പോൾ നിരാശ ഉണ്ടായിരുന്നു''. ശ്രീധരന്‍ പറഞ്ഞു.
കേരളത്തിലെ ബിജെപി അവരുടെ നയങ്ങൾ മാറ്റണമെന്നും, അങ്ങനെ ചെയ്താൽ ബിജെപിക്ക് അധികാരം നേടാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഒരിക്കലും സജീവ രാഷ്ട്രീയത്തിന്‍റെ ഭാഗമാകാതിരുന്ന ശ്രീധരൻ, ചെറുപ്പകാലത്ത് താൻ ആർഎസ്എസുകാരനായിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. ബിജെപിയിൽ ചേരുന്നത് സ്വാഭാവികമാണെന്നും, ബിജെപിയിൽ വിശ്വസിക്കുന്നതിനാൽ മത്സരിക്കുമെന്നുമായിരുന്നു രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.
തൃശൂരിലോ, പാലക്കാട്ടോ അല്ലാതെ മറ്റൊരു മണ്ഡലത്തിലും മത്സരിക്കാൻ വിസമ്മതിച്ചതിനാൽ, കേരളത്തിലെ ഏറ്റവും ശക്തമായ മണ്ഡലങ്ങളിലൊന്നായ പാലക്കാട് ഇ ശ്രീധരന് നൽകാൻ കേരളത്തിലെ ബിജെപി നേതൃത്വം നിർബന്ധിതരാവുകയായിരുന്നു.
also read: Athletes Protest: കൂടിക്കാഴ്‌ചയ്‌ക്ക് വിളിച്ച് അപമാനിച്ചു; മന്ത്രിക്ക് എതിരെ കായികതാരങ്ങള്‍
യുഡിഎഫിന്‍റെ ഷാഫി പറമ്പിലിനോടാണ് ശ്രീധരന്‍ പാലക്കാട്ട് പരാജയപ്പെട്ടത്. ബിജെപിക്ക് കേരളത്തില്‍ 35 സീറ്റുകൾ വരെ നേടാനാകുമെന്നും ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അദ്ദേഹം പറഞ്ഞിരുന്നു.