മലപ്പുറം: പെരുമ്പടപ്പ് പഞ്ചായത്തിലെ നാലാം വാർഡ് കോടത്തൂരിൽ മഫ്‌ത ഉൽ ഉലൂം മദ്റസക്ക് മുന്നിൽ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയും മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ സുഹ്റ അഹമ്മദിനെ വാഹനം ഇടിപ്പിക്കാൻ ശ്രമിച്ചതായി ആരോപണം. ഇതിനെ തുടർന്നുണ്ടായ വാക്കു തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
സ്ഥാനാർഥി റോഡ് മുറിച്ചു കടക്കുന്നതിനിടെ എൽഡിഎഫ് പ്രവർത്തകരുടെ വാഹനമിടിച്ച് സുഹ്റ റോഡിൽ വീണതായാണ് പരാതി. ഇത് ചോദ്യം ചെയ്‌തതിനെത്തുടർന്ന് ബൈക്കിൽ സഞ്ചരിച്ച എൽഡിഎഫ് പ്രവർത്തകരും, സമീപത്തെ യുഡിഎഫ് പ്രവർത്തകരും സംഘർഷത്തിലേർപ്പെട്ടു.
നേരത്തെ ഓപ്പൺ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തകർ തമ്മിൽ പ്രശ്‌നം ഉടലെടുത്തിരുന്നു. ബൂത്തിലെ ഏജൻ്റ് ഓപ്പൺ വോട്ട് ചെയ്യാൻ ശ്രമിച്ചത് ചോദ്യം ചെയ്‌തതാണ് പ്രശ്‌നങ്ങൾക്കിടയാക്കിയത്. പിന്നീട് ബൂത്തിനകത്ത് വെച്ച് സംഘർഷമുണ്ടാവുകയും സംഘർഷം പുറത്തേക്ക് വ്യാപിക്കുകയുമായിരുന്നു.