മലപ്പുറം: വളാഞ്ചേരി നഗരസഭാ ഭരണസമിതിക്കെതിരെ മുൻസിപ്പൽ ഓഫീസിന് മുന്നില്‍ ഉപരോധസമരം നടത്തി എൽഡിഎഫ്. ഐറിഷ് അഴുക്കുചാൽ പദ്ധതിക്കെതിരെയും ഗതാഗതക്കുരുക്കിന് നടപടിയെടുക്കാത്തതിലും പ്രതിഷേധിച്ചായിരുന്നു വളാഞ്ചേരി എൽഡിഎഫ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപരോധസമരം നടത്തിയത്. വളാഞ്ചേരി മുനിസിപ്പൽ ഓഫീസിന് മുന്നിൽ രാവിലെ ആരംഭിച്ച ഉപരോധം പത്തര വരെ നീണ്ടുനിന്നു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി പി സക്കറിയ ഉപരോധസമരം ഉദ്ഘാടനം ചെയ്‌തു. സർക്കാർ പാർപ്പിട പദ്ധതി അട്ടിമറിച്ചതും നികുതി വർദ്ധനവും നികുതി സമാഹാരത്തിലെ വീഴ്‌ചയും സമരാനുകൂലികൾ ചൂണ്ടിക്കാട്ടി.
സ്ത്രീകളടക്കം നൂറിലധികം പേരാണ് സമരത്തിൽ പങ്കെടുത്തത്. ഉപരോധത്തെ തുടർന്ന് വൻ പോലീസ് സന്നാഹം മുൻസിപ്പൽ ഓഫീസിന് മുന്നില്‍ നിലയുറപ്പിച്ചിരുന്നു. ഉപരോധസമരത്തില്‍ പങ്കെടുത്ത പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.