മലപ്പുറം: മലപ്പുറത്തുകാർക്ക് പുത്തൻ യാത്രാനുഭവം നൽകിക്കൊണ്ട് 'ലാവർണ' ബസ് തിരൂരിൽ നിന്ന് സർവീസ് ആരംഭിച്ചു. ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് യാത്ര തീർത്തും സൗജന്യമാണ്. ട്രാഫിക് നിയമങ്ങളെപ്പറ്റി ബോധവൽക്കരണം നൽകിക്കൊണ്ടാണ് ലാവർണ സർവീസ് നടത്തുക. സി.സി.ടി.വി ക്യാമറകൾ ഘടിപ്പിച്ച് സുരക്ഷിതമാക്കിയ ബസിൽ കുടിവെള്ളം, കാർഡ് സ്വയിപിങ്, വൈഫൈ, ജി.പി.എസ് എന്നീ സൗകര്യങ്ങമുണ്ട്.
ഓരോ സ്ഥലവും എത്തിയാൽ യാത്രക്കാരെ അറിയിക്കാൻ അനൗൺസ്മെന്‍റ് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്. തിരൂരിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സബ്‌കലക്‌ടർ രാജീവ് കുമാർ ചൗധരി ട്രാഫിക്ക് ബോധവൽക്കരണ ലഘുലേഖ വിതരണം ചെയ്‌തു. ചടങ്ങിൽ ഡിവൈ.എസ്.പി സുരേഷ് ബാബു, ജോയിൻ ആർ.ടി.ഒ അൻവർ തുടങ്ങിയവർ പങ്കെടുത്തു. ആദ്യയാത്രാ ദിവസമായ ഇന്നലെ യാത്ര പൂർണമായും സൗജന്യമായിരുന്നു. കോട്ടക്കൽ സ്വദേശി മുഹമ്മദ് ഷാഫിയുടെ ഉടമസ്ഥതയിലുള്ളതാണ് ബസ്. ഇദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള രണ്ട് ബസുകൾ നിലവിൽ ഈ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്.