മലപ്പുറം: കൊണ്ടോട്ടിയില്‍ 25.5 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. പാലക്കാട് സ്വദേശി മുഹമ്മദ് ഹനീഫയാണ് ജില്ലാ ആന്‍റി നര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സിന്‍റെ പിടിയിലായത്. ജില്ലയിലെ വിവിധ സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് വില്‍പ്പന നടത്താനായി ആന്ധ്രയില്‍ നിന്നും എത്തിച്ച കഞ്ചാവാണ് കൊണ്ടോട്ടി ഇന്‍സ്‌പെക്ടര്‍ കെ.എം.ബിജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.
പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ 15 ലക്ഷത്തോളം വില വരും. ലോക്ക്‌ഡൗണ്‍ സമയത്ത് കഞ്ചാവിന്‍റെ വില പത്തിരട്ടി വര്‍ധിച്ചതോടെ മയക്കുമരുന്ന് മാഫിയകള്‍ നേരിട്ട് ആന്ധ്രയില്‍ നിന്നും കഞ്ചാവെത്തിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ പത്ത് മാസത്തിനിടെ 500 കിലോയോളം കഞ്ചാവും എല്‍എസ്‌ഡി പോലുള്ള മാരക മയക്കുമരുന്നും മലപ്പുറം ജില്ലാ ആന്‍റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് പിടിച്ചെടുത്തിരുന്നു. വലിയ ലോറികളില്‍ പച്ചക്കറികള്‍ കൊണ്ട് വരുന്നതിന്‍റെ മറവിലാണ് കേരളത്തിലേക്ക് വന്‍ തോതില്‍ കഞ്ചാവ് എത്തിക്കുന്നത്.
മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച് വന്‍ തോതില്‍ മയക്കുമരുന്ന് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ആന്‍റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് നിരീക്ഷണം ശക്തമാക്കിയിരുന്നു. കിലോക്ക് 1500 രൂപക്ക് ലഭിക്കുന്ന കഞ്ചാവ് കേരളത്തില്‍ എത്തുന്നതോടെ 50,000 രൂപയിലധികമാകും. ഒരു തവണ കഞ്ചാവ് കടത്തുന്നതിൽ നിന്ന് ലക്ഷങ്ങളുടെ ലാഭമാണ് ഇവർക്ക് ലഭിക്കുന്നത്. ലോക്ക് ഡൗൺ സമയത്ത് ജോലി നഷ്ടപ്പെട്ടവരെയും ഗൾഫിൽ നിന്നും മടങ്ങിയവരെയും മയക്കുമരുന്ന് മാഫിയ സംഘങ്ങള്‍ സമീപിച്ച് ലക്ഷങ്ങളുടെ ലാഭം വാഗ്ദാനം ചെയ്താണ് ഇതിലേക്ക് കൊണ്ടു വരുന്നത്. പിടിയിലായ പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും മുഖ്യ പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. പ്രതിയെ കോടതിയില്‍ ഹാജരാക്കും.