മലപ്പുറം: ഭൂമി താരിഫ് വില പതിൻമടങ്ങായതിന് എതിരെ പ്രതിഷേധവുമായി ഊർങ്ങാട്ടീരിയിലെ നാട്ടുകാർ. തൊട്ടടുത്ത വില്ലേജില്‍ സെന്‍റിന് 27,000 ആണെങ്കില്‍ ഊർങ്ങാട്ടിരി, വെറ്റിലപ്പാറ വില്ലേജുകളില്‍ ഇത് മൂന്ന് ലക്ഷത്തി ഇരുപത്തിനാലായിരമാണ്. ഇതിനെതിരെ കേരള കർഷക സംഘം വില്ലേജ് ഓഫിസിലേക്ക് മാർച്ച് നടത്തി. താരിഫ് വില കുറക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും കലക്ടർക്കും ഇവർ പരാതി നല്‍കിയിട്ടുണ്ട്.
വിഷയത്തില്‍ നടപടി ആവശ്യപ്പെട്ടാണ് കർഷകരും ഭൂ ഉടമകളും ചേർന്ന് കേരള കർഷക സംഘം ഊർങ്ങാട്ടീരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊർങ്ങാട്ടീരി വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തിയത്. വില്ലേജിന് മുന്നിലെ ധർണ പഞ്ചായത്ത് പ്രസിഡന്‍റ് എൻ.കെ ഷൗകത്തലി ഉദ്ഘാടനം ചെയ്തു. വില്ലേജിൽ പത്ത് വർഷമായി റീ സർവേ നടത്തിയിട്ടില്ല. നിലവില്‍ എൻ.എച്ച് റോഡിനോട് ചേർന്ന താരീഫാണ് ഇവിടെയുള്ളത്. ഭൂമി വില്‍ക്കാനോ, കുടുംബ ഓഹരി വാങ്ങാനോ സാധിക്കുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു. ധർണക്ക് ടി.മോഹൻദാസ് അധ്യക്ഷത വഹിച്ചു. സി.നാരായണൻ, ബേബി മാത്യു, കെ.ജിനേഷ്, പി.കെ റാഫി എന്നിവർ സംസാരിച്ചു.