മലപ്പുറം: ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസത്തിലധികമായിട്ടും അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി എടക്കരയിലെ പുതിയ ബസ് ടെര്‍മിനല്‍. എടക്കര ഗ്രാമപഞ്ചായത്തിന്‍റെ സ്വപ്‌ന പദ്ധതികളിലൊന്നായി ഉയര്‍ത്തിക്കാട്ടിയ ഇന്ദിരാ ഗാന്ധി ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സിന്‍റെ അവസ്ഥ ഇന്നും പഴയതുപോലെ തന്നെ തുടരുകയാണ്. കഴിഞ്ഞ ഡിസംബര്‍ അഞ്ചിനായിരുന്നു രാഹുല്‍ ഗാന്ധി എംപി ബസ് ടെര്‍മിനല്‍ ഉൾപ്പെടെയുള്ള വ്യാപാര സമുച്ചയം ഉദ്ഘാടനം ചെയ്‌തത്.
2014-15 സാമ്പത്തിക വര്‍ഷത്തിലാണ് ഷോപ്പിങ് കോംപ്ലക്‌സിന്‍റെ പ്രവൃത്തി ആരംഭിച്ചത്. കേരള അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്‍റ് ഫൈനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നും 5.400 കോടി വായ്‌പയെടുത്താണ് വ്യാപാര സമുച്ചയം നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ യാത്രക്കാര്‍ക്കുള്ള ഇരിപ്പിടമോ ശുചിമുറിയോ ഒരുക്കാന്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ തയ്യാറായിട്ടില്ല. വ്യാപാരി വ്യവസായി സംഘടനയുടെ നേതൃത്വത്തില്‍ യാത്രക്കാര്‍ക്ക് ഇരിക്കാന്‍ ഏതാനും കസേരകളൊരുക്കിയതാണ് യാത്രക്കാരുടെ ഏക ആശ്വാസം. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് ദിവസേന ബസ് ടെര്‍മിനലിനെ ആശ്രയിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ നടത്തിയ ഉദ്ഘാടന ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു.