മലപ്പുറം: പുത്തനത്താണിക്ക് സമീപം കുട്ടികളത്താണി ജങ്ഷനില്‍ റോഡരികിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. കുറ്റിപ്പുറം എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. 25 സെന്‍റിമീറ്റര്‍ മുതൽ 150 സെന്‍റിമീറ്റര്‍ വരെ ഉയരമുള്ള എട്ട് ചെടികളാണ് കണ്ടെത്തിയത്. ഒരു മാസം മുതൽ നാല് മാസം വരെ പ്രായമുണ്ട്. കഞ്ചാവ് ചെടി വളർത്തുന്നത് 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ ജിജി പോൾ പറഞ്ഞു.
അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിന് സമീപത്ത് നിന്നാണ് ചെടികൾ കണ്ടെത്തിയത്. ഇവരിൽ ആരെങ്കിലുമാവാം കഞ്ചാവ് തോട്ടത്തിന് പിന്നിലെന്നാണ് എക്സൈസ് സംഘത്തിന്‍റെ പ്രാഥമിക നിഗമനം. വിശദമായ അന്വേഷണങ്ങൾക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ. പ്രിവന്‍റീവ് ഓഫീസർമാരായ ജാഫർ, രതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിബു ശങ്കർ, ഹംസ, മിനു രാജ്, സൂരജ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.