മലപ്പുറം: ഭാരതപ്പുഴക്ക് കുറുകെയുള്ള കുറ്റിപ്പുറം പാലത്തിലെ അറ്റകുറ്റ പണികള്‍ക്കായി രാത്രി യാത്ര നിരോധിക്കും. ഇന്ന് മുതല്‍ എട്ട് ദിവസത്തേക്കാണ് യാത്ര നിരോധിക്കാന്‍ തീരുമാനിച്ചത്. 1953-ൽ കുറ്റിപ്പുറം പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തശേഷം ഇതാദ്യമായാണ് ഗതാഗതം പൂർണമായും നിരോധിച്ച് അറ്റകുറ്റപ്പണി നടത്തുന്നത്. രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെയാണ് നിരോധനം. ഇതോടൊപ്പം മിനി പമ്പയോട് ചേര്‍ന്ന തകര്‍ന്ന റോഡും ഇൻ്റര്‍ ലോക്ക് ചെയ്യും. ഇതുവഴി പോകേണ്ട യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയിൽ രാത്രി വാഹനങ്ങള്‍ വഴി തിരിച്ച് വിടുകയും ഇതിനായി പ്രധാന സ്ഥലങ്ങളില്‍ ദിശാ സൂചികകൾ സ്ഥാപിക്കാനും തുടങ്ങി.
34 ലക്ഷം രൂപയാണ് നിര്‍മാണ പ്രവര്‍ത്തനത്തിന് ചെലവഴിക്കുന്നത്. ടാര്‍, ചുണ്ണാമ്പ് എന്നിവ ചേര്‍ത്ത പ്രത്യേക മിശ്രിതം മൂന്ന് മണിക്കൂറോളം ചൂടാക്കി രണ്ട് മെഷീനുകളുടെ സഹായത്താലാണ് പാലത്തിന് മുകളില്‍ ഇൻ്റര്‍ലോക്ക് കട്ടകള്‍ പതിക്കുക. ദിവസവും മുന്നൂറ് ചതുരശ്ര അടി പാതയിലാണ് ഇൻ്റര്‍ലോക്ക് കട്ടകള്‍ പതിക്കുക. കോണ്‍ക്രീറ്റിന് മുകളില്‍ പതിക്കുന്ന സാധാരണ ഇൻ്റര്‍ലോക്കിങ് സംവിധാനം ഈട് നില്‍ക്കാത്തതിനാലാണ് പുതിയ സംവിധാനം നടപ്പിലാക്കാന്‍ തീരുമാനിച്ചത്.
അപ്രോച്ച് റോഡായ മിനി പമ്പക്ക് മുന്നിലൂടെയുള്ള തകര്‍ന്ന പാതയിലും ഇൻ്റര്‍ലോക്ക് കട്ടകള്‍ പതിക്കും. ഗതാഗത നിരോധനമുള്ള രാത്രി സമയങ്ങളില്‍ കോഴിക്കോട് നിന്ന് തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വളാഞ്ചേരിയില്‍ നിന്നും കൊപ്പം-പട്ടാമ്പി-പെരുമ്പിലാവ് വഴിയോ അല്ലെങ്കില്‍ പുത്തനത്താണിയില്‍ നിന്നും പട്ടര്‍നടക്കാവ്-തിരുനാവായ-ബി.പി അങ്ങാടി-ചമ്രവട്ടം വഴിയോ പോകാവുന്നതാണ്. തൃശൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവര്‍ എടപ്പാളില്‍ നിന്നും തിരിഞ്ഞ് പൊന്നാനി-ചമ്രവട്ടം വഴിയും പോകാവുന്നതാണ്.