മലപ്പുറം: സ്വന്തമായി ഭൂമിയുണ്ടായിട്ടും തെരുവിൽ കഴിയേണ്ട അവസ്ഥയാണ് അറുപത്തിരണ്ടുകാരിയായ കുഞ്ഞുകദിയക്ക്. നാട്ടുകാരുടെ കാരുണ്യത്തിൽ കഴിയുന്ന കോട്ടക്കൽ കോട്ടൂർ മുതുവത്ത് കോളനി റോഡിൽ ആനപടിയൻ വീട്ടില്‍ കുഞ്ഞുകദിയയുടെ അവസ്ഥ ദയനീയമാണ്. പരേതരായ മൊയ്‌തീൻ കുട്ടിയുടെയും കാവുങ്ങൽ കുഞ്ഞീരുക്കുട്ടിയുടെയും നാലു മക്കളിൽ രണ്ടാമത്തെ ആളാണ് കുഞ്ഞുകദിയ. ഭൂസ്വത്തായ 67 സെന്റ് ഭൂമിയിൽ ഉണ്ടായിരുന്ന കുടിലിലായിരുന്നു ജീവിതം. ഇപ്പോഴുള്ള ഒറ്റമുറി വീടാകട്ടെ ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലുമാണ്. ബന്ധുക്കൾ ആരും തിരിഞ്ഞു നോക്കാനില്ലാതെയാണ് കുഞ്ഞുകദിയയുടെ ജീവിതം. വീട് താമസയോഗ്യമല്ലാതായതോടെ ദുരിതം ഇരട്ടിയായി.
പ്രായമേറിയതോടെ ഭക്ഷണവും ശുശ്രൂഷയും ലഭിക്കാതെ തെരുവിലായിരുന്നു ജീവിതം. നാട്ടുകാരും എയ്ഞ്ചൽസ് വനിത ക്ലബ്ബ് ഭാരവാഹിയും പൊതു പ്രവർത്തകയുമായ ടി വി മുംതാസും നടത്തിയ ഇടപെടലുകളാണ് ഇപ്പോൾ കുഞ്ഞുകദിയക്ക് തണലാവുന്നത്. കോട്ടൂർ ജുമ മസ്ജിദ് പള്ളി കമ്മറ്റി, കോട്ടക്കൽ പൊലീസ് എന്നിവരുടെ സഹായത്തോടെ ഭൂസ്വത്തിൽ നിന്നും പത്തര സെന്റ് സ്ഥലം സഹോദരൻ ഇവരുടെ പേരിലാക്കി കഴിഞ്ഞുവെന്നാണ് കദിയ പറയുന്നത്. അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള ഒരു വീട് വേണമെന്നും വീട് ഉണ്ടാക്കാൻ എല്ലാവരും സഹായിക്കണമെന്നും കുഞ്ഞുകദിയ അപേക്ഷിക്കുന്നു.