മലപ്പുറം: ന്യൂനപക്ഷ അനുപാതം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന് പിന്നാലെ പ്രതികരണവുമായി മുസ്ലീം ലീഗ് നേതാക്കൾ. പാലോളി കമ്മീഷന്‍റെ ശുപാർശയോടെ ന്യൂനപക്ഷ അനുപാതം 80:20 ആക്കിയ തീരുമാനം ഇടത് സർക്കാരിന് പറ്റിയ അബദ്ധമാണെന്നും ഇതാണ് ഇപ്പോഴത്തെ ചർച്ചയ്‌ക്കും കോടതി ഉത്തരവിനും കാരണമായതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
മുസ്ലീം പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിക്കപ്പെട്ട കമീഷനാണ് സച്ചാര്‍ കമ്മീഷന്‍. പട്ടിക വിഭാഗങ്ങളെക്കാള്‍ പിന്നിലാണ് മുസ്ലീങ്ങളെന്ന് കണ്ടെത്തിയത് ഈ കമ്മിഷനാണ്. ഇതിന്റെ ചുവട് പിടിച്ചാണ് മുസ്ലീം ന്യൂനപക്ഷ വിഭാഗത്തിന് സ്കോളര്‍ഷിപ്പ് കൊണ്ടുവന്നത്. സര്‍ക്കാര്‍ ഇതു സംബന്ധിച്ച് ഇറക്കിയ ഉത്തരവുകളിലെല്ലാം ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. എന്നാല്‍ ഈ സ്കോളര്‍ഷിപ്പ് ആനുകൂല്യങ്ങളില്‍ ക്രൈസ്തവ വിഭാഗത്തെ കൂടി ചേര്‍ത്ത് 80:20 അനുപാതമാക്കി ഉത്തരവിറക്കിയത് 2011ലെ അച്യുതാനന്ദന്‍ സര്‍ക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാലോളി കമീഷനാണ് ഈ അനുപാതം നിശ്ചയിച്ചത്. ഇത് യുഡിഎഫ് കൊണ്ടുവന്നതാണെന്ന പ്രചാരണം തെറ്റാണ്. 2011 ജനുവരിയിലാണ് ഉത്തരവിറങ്ങുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലേറുന്നത് 2011 ജൂണിലാണ്. ഇത് കോടതിയില്‍ അവതരിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് എൽഡിഎഫ് ഉപയോഗിച്ച ആയുധം ആണ് ഇപ്പൊൾ താഴെ വീണത്. 80:20 നടപ്പാക്കിയത് എൽഡിഎഫ് ആണ്. എന്നാൽ ഇത് ഉപയോഗിച്ച് മറ്റ് വിഭാഗക്കാരെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു എൽഡിഎഫിന്‍റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിന്നാക്ക അവസ്ഥക്ക് വേണ്ട സ്‌കോളർഷിപ്പ് വിവിധ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി മാറ്റി എന്ന് ലീഗ് നേതാവായ ഇ.ടി മുഹമ്മദും ആരോപിച്ചു. മുസ്ലീങ്ങൾക്കായുള്ള ആനുകൂല്യങ്ങളിൽ മറ്റു വിഭാഗക്കാരെ കൂടി ഉൾപ്പെടുത്തി അതൊരു ക്ഷേമ പദ്ധതിയാക്കി മാറ്റി എന്നാരോപിച്ച നേതാക്കൾ മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് വേറെ പദ്ധതി കൊണ്ടുവരികയാണ് വേണ്ടതെന്നും വ്യക്തമാക്കി. ഹൈകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മലപ്പുറം ലീഗ് ഹൗസില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു ഇരുവരും.
Also Read: ന്യൂനപക്ഷ അനുപാതം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ്: എതിർപ്പുമായി ലീഗ്