മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തില്‍ മടങ്ങിയെത്തുന്ന പ്രവാസികളില്‍ പ്രത്യേക പരിഗണന അർഹിക്കുന്ന 85 പേരെ വീടുകളിലെ ക്വാറന്‍റൈനിലേക്ക് മാറ്റുമെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. ഗർഭിണികൾ, പത്ത് വയസില്‍ താഴെയുള്ള കുട്ടികൾ, 75 വയസിന് മുകളില്‍ ഉള്ളവർ എന്നിവരെ പ്രത്യേക പരിഗണന വിഭാഗത്തില്‍പ്പെടുത്തും. നിലവിൽ ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് പ്രത്യേക വിമാനത്തിൽ 189 പേരാണ് എത്തുന്നത്. 19 ഗർഭിണികൾ, മെഡിക്കൽ പരിചരണം ആവശ്യമുള്ള 51 പേർ, പത്ത് വയസിന് താഴെയുള്ള ഏഴ് കുട്ടികൾ 75 വയസിന് മുകളിലുള്ള ആറ് പേർ എന്നിങ്ങനെയാണ് കണക്ക്. മലപ്പുറം ജില്ലയിൽ 23 പേരാണ് ഈ വിഭാഗത്തില്‍ വീട്ടിലേക്ക് പോകുന്നത്. ബാക്കിയുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കി ജില്ലാ ഭരണകൂടം തയ്യാറാക്കിയ ക്വാറന്‍റൈൻ സംവിധാനത്തിലേക്ക് കൈമാറും.
കാളികാവ് സ്വകാര്യ ആശുപത്രിയിലെ ക്വാറന്‍റൈൻ കേന്ദ്രത്തിലേക്ക് 52 പേരെ നിരീക്ഷണ വിധേയമായി ശുചിമുറി അടങ്ങുന്ന ഒറ്റ മുറികളിൽ താമസിപ്പിക്കും. നൂറ് മുറികളാണ് കൊവിഡ് പ്രതിരോധത്തിനായി ജില്ല ഭരണകൂടം കാളികാവിലെ സ്വകാര്യ ആശുപത്രിയില്‍ സജ്ജീകരിച്ചിട്ടുള്ളത്. മലപ്പുറം -82, പാലക്കാട് -8, കോഴിക്കോട് -70 ,വയനാട് -15, കണ്ണൂർ കാസർകോട് ജില്ലകളില്‍ നാല്, ആലപ്പുഴ രണ്ട്, കോട്ടയം, തിരുവനന്തപുരം ഓരോന്ന് വിധം പ്രവാസികളാണ് കരിപ്പൂരില്‍ വ്യാഴാഴ്‌ച രാത്രി വിമാനമിറങ്ങുന്നത്. അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തുന്ന 23 പേരാണ് മലപ്പുറം ജില്ലക്കാർ. പരിഗണന ലിസ്റ്റിൽപ്പെട്ട അഞ്ചു പേരെ വീടുകളിലേക്കും ബാക്കി വരുന്ന 18 പേരെ കാലിക്കറ്റ് സർവകലാശാല ഇന്‍റർനാഷണൽ ഹോസ്റ്റൽ മുറികളിലും ആണ് താമസിക്കുന്നത്.
ഇതുകൂടാതെ യാത്രക്കാർക്ക് സ്വന്തം ചെലവിൽ താമസിക്കാൻ സൗകര്യം വേണമെന്ന് ആവശ്യപ്പെടുകയാണെങ്കിൽ അതിനുള്ള മാർഗം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഏഴ് ദിവസമാണ് ക്വാറന്‍റൈൻ കാലാവധി. രോഗ ലക്ഷണങ്ങൾ ഇല്ലെങ്കില്‍ പ്രവാസികളെ വീടുകളിലേക്ക് വിടും. പ്രവാസികളുടെ മാനസികാവസ്ഥ കണക്കിലെടുത്താണ് ഏഴ് ദിവസം നല്‍കിയത്. നിരീക്ഷണ കാലയളവിൽ ഇവർക്ക് ആവശ്യമായ ഭക്ഷണം കുടുംബശ്രീയെ പ്രയോജനപ്പെടുത്തി എത്തിച്ചു നൽകുമെന്നും മന്ത്രി അറിയിച്ചു.