മലപ്പുറം: കരിപ്പൂര്‍ എയർപോർട്ട് റോഡിലെ തെരുവുവിളക്കുകളും സിസിടിവിയും പ്രവര്‍ത്തിക്കുന്നില്ലെന്ന് പരാതി. വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മലബാർ ഡെവലപ്മെന്‍റ് ഫോറം കൊണ്ടോട്ടി നഗരസഭക്ക് നിവേദനം നൽകി. എയർപോർട്ട് മുതൽ ഫറൂഖ് റെയിൽവെ സ്റ്റേഷൻ, കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡ് വരെ തെരുവുവിളക്കുകൾ വേണമെന്ന് എംഡിഎഫ് ആവശ്യപ്പെട്ടു. 2017ലെ എയർപോർട്ട് റോഡ് സൗന്ദര്യവൽകരണവുമായി ബന്ധപ്പെട്ടാണ് 36 ക്യാമറകൾ സ്ഥാപിച്ചത്. എന്നാല്‍ സ്ഥാപിച്ച് മാസങ്ങൾ കഴിഞ്ഞതും പ്രവർത്തനം നിലക്കുകയായിരുന്നു. ഇത് കരാറുകാരുടെ പിടിപ്പുകേടാണെന്നും ശക്തമായ നടപടി ആരംഭിച്ചതായും ചെയർപേഴ്‌സൺ കെ.ഷീബ പറഞ്ഞു.
കൊളത്തൂർ മുതൽ എയർപോർട്ട് ഗേറ്റ് വരെയുള്ള തെരുവുവിളക്കുകളാണ് മാസങ്ങളായി പ്രവര്‍ത്തനരഹിതമായത്. വിമാനയാത്രക്കാരെ തട്ടികൊണ്ടുപോയതടക്കമുള്ള അക്രമപരമ്പരകൾ കോഴിക്കോട് എയര്‍പോര്‍ട്ടിന് സമീപം അരങ്ങേറിയിരുന്നു. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാനുളള നടപടി വേണമെന്നും എംഡിഎഫ് ആവശ്യപ്പെട്ടു.