മലപ്പുറം: റമദാന്‍ കാലത്ത് നോമ്പ് തുറയ്ക്കുള്ള വിഭവങ്ങൾ തയ്യാറാക്കുന്ന ജോലിയിൽ മുഴുകുന്നവരായിരിക്കും ഒട്ടുമിക്ക സ്ത്രീകളും. എന്നാൽ നോമ്പുതുറ വിഭവങ്ങൾ തയ്യാറാക്കി അത് വിറ്റഴിക്കുകയാണ് തിരൂരിലെ ഒരു കൂട്ടം വിദ്യാര്‍ഥികളായ യുവതികൾ. പാചകം മാത്രമല്ല കച്ചവടവും തങ്ങൾക്ക് പ്രയാസകരമല്ലാത്ത ജോലിയാണെന്ന് തെളിയിക്കുകയാണ് ഇവര്‍. റിഫ, മുബശിറ, ലാമിയ എന്നീ വിദ്യാർഥികളാണ് പഠനോത്തൊടപ്പം കച്ചവടവും നടത്തുന്നത്.
റമദാനില്‍ നഗര ഗ്രാമ വ്യത്യാസമില്ലാതെ വ്യാപകമായ ഒന്നാണ് എണ്ണ പലഹാര വിപണി. കച്ചവട സ്ഥാപനങ്ങൾക്ക് മുന്നിലും കവലകളിലും വരെ ഇത്തരം പലഹാര വിപണന യഥേഷ്ടമുണ്ട്. തിരൂർ നഗരത്തിൽ തന്നെ എണ്ണിയാൽ ഒതുങ്ങാത്ത അത്രയും വരും എണ്ണ പലഹാര കച്ചവടങ്ങൾ. ഈ കച്ചവടക്കാർക്കിടയിലാണ് പാചക വിദ്യാർഥിനികളുടെ കച്ചവടവും പൊടിപൊടിക്കുന്നത്. മുട്ട മാല, മുട്ട സുർക്ക, ഇറാനി പോളി, ചിക്കൻ ലോലിപ്പോപ്പ്, മീൻ കായ, അലീസ തുടങ്ങി അമ്പതോളം പലഹാരങ്ങളാണ് ഈ പെൺകുട്ടികൾ തന്നെ തയ്യാറാക്കി ആവശ്യക്കാർക്ക് നേരിട്ട് നൽകുന്നത്.
വിഭവങ്ങളിലെ വ്യത്യസ്ഥതയും ഗുണനിലവാരവും മനസിലാക്കി നിരവധി പേരാണ് ഇവരുടെ കച്ചവട സ്റ്റാളിലെത്തുന്നത്. മൂന്ന് മണിക്ക് ആരംഭിക്കുന്ന കച്ചവടത്തിലെ വിഭവങ്ങൾ ചൂടപ്പം പോലെയാണ് വിറ്റ് പോകുന്നത്.