മലപ്പുറം: വർഗീയ പ്രചരണവുമായി രംഗത്തെത്തിയ ടി.പി സെൻകുമാർ മാപ്പുപറയണമെന്ന് ഒബിസി കോൺഗ്രസ്. ബ്രിട്ടീഷ് അധിനിവേശത്തിന് എതിരെ 1921ല്‍ മലബാറിൽ നടന്ന സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് നേതൃത്വം വഹിച്ച വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട് ഒബിസി കോൺഗ്രസ് സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടിക്കെതിരെ സെന്‍കുമാര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ജനുവരി ഇരുപതിനാണ് അനുസ്‌മരണ പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിക്കെതിരെ ഫേസ്ബുക്ക് വഴി കുപ്രചരണങ്ങൾ നടത്തുകയാണെന്നും ഒബിസി കോൺഗ്രസ് ആരോപിച്ചു.
കേരളം കണ്ട ഏറ്റവും വലിയ തീയ്യ(ഈഴവ), ഹരിജന്‍ കൂട്ടക്കൊലയുടെ ഉപജ്ഞാതാക്കളിലൊരാളായ ജിഹാദി കുഞ്ഞഹമ്മദിന്‍റെ ചരമവാര്‍ഷികം നടത്താനിരിക്കുന്നു കോണ്‍ഗ്രസുകാര്‍ എന്നാണ് ടി.പി.സെന്‍കുമാര്‍ പോസ്റ്റിട്ടത്. സെന്‍കുമാര്‍ മാപ്പ് പറയണമെന്നാണ് ഒബിസി വിഭാഗത്തിന്‍റെ ആവശ്യം. 1922 ജനുവരി ഇരുപത്തിയൊന്നിനാണ് മലപ്പുറം കോട്ടക്കുന്ന് ചെരുവിൽ വാരിയം കുന്നത്ത് അഹമ്മദ് ഹാജിയെ ബ്രിട്ടീഷുകാർ വെടിവെച്ചു കൊല്ലുന്നത്. ഈ വരുന്ന ജനുവരി 21 അദ്ദേഹത്തിന്‍റെ തൊണ്ണൂറ്റി ഒമ്പതാം രക്തസാക്ഷി ദിനമാണ്.