മലപ്പുറം: വളാഞ്ചേരി മൂടാൽ ബൈപ്പാസിനടുത്തുള്ള കോയയുടെ വീട്ടിൽ എന്നും ഒരു വിരുന്നുകാരൻ എത്തും. വീടിന് മുന്നിൽ ആനന്ദ നൃത്തമാടുന്ന മയിൽ അദ്ദേഹത്തിന്‍റെ നിത്യസന്ദർശകനായി മാറിയിട്ട് മാസങ്ങളായി.
ഒരു വർഷം മുമ്പാണ് മയിൽ കുഞ്ഞുങ്ങളുമായി കോയയുടെ വീട്ടിൽ എത്തുന്നത്. ആദ്യമൊക്കെ വീട്ടിലെ കോഴികൾക്ക് തീറ്റ കൊടുക്കുന്ന സമയത്ത് കൃത്യമായി പറന്നിറങ്ങുന്ന മയിലുകൾ വീട്ടുകാർക്ക് അത്ഭുതമായിരുന്നു. എന്നാൽ പിന്നീട് വീട്ടുകാരുടെ ഇഷ്ടതാരമായി മാറി. രാവിലെ വീട്ടിൽ എത്തിക്കഴിഞ്ഞാൽ വൈകിട്ടാണ് മടക്കം. ഭക്ഷണം കൊടുക്കുന്നതിനാൽ ദിവസേനയുള്ള വരവ് തെറ്റിക്കാറില്ലെന്നും കോയ പറയുന്നു. കോയയുടെ വീട്ടുകാർ ഉണ്ടെങ്കിൽ മാത്രമേ സന്ദർശനത്തിന് എത്തുന്നുള്ളൂവെന്നതും കൗതുകമാണ്. ദിവസവും എത്തുന്ന സന്ദർശകനെ സ്നേഹം വിളമ്പി സ്വീകരിക്കുകയാണ് കോയയും കുടുംബവും.