മലപ്പുറം: തൃപ്രങ്ങോട് ചെകുത്താൻകുണ്ട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പമ്പിങ് പാതി നിലച്ചതോടെ ആശങ്കയിലായി കർഷകർ. വേനൽക്കാലത്ത് ഭാരതപ്പുഴയിലെ വെള്ളം പമ്പ് വഴി കനാലുകളിലെത്തിച്ചായിരുന്നു കൃഷി ചെയ്തിരുന്നത്.
തൃപ്രങ്ങോട്, മംഗലം, പുറത്തൂർ, എന്നീ പഞ്ചായത്തുകളിലെ കർഷകരാണ് പ്രധാനമായും ഈ പദ്ധതിയെ ആശ്രയിക്കുന്നത്. എന്നാൽ എട്ട് പമ്പുകളുള്ള ഇവിടെ ഇപ്പോൾ പ്രവർത്തിക്കുന്നത് ഒന്നു മാത്രമാണ്. കൂടാതെ പമ്പ് ഹൗസിന്റെ അവസ്ഥയും വളരെ ശോചനീയമാണ്. മേൽക്കൂര തകർന്നതിനാൽ ടാർപോളിൻ ഷീറ്റ് കൊണ്ട് മറച്ചാണ് ലക്ഷങ്ങൾ വിലവരുന്ന മോട്ടോറുകൾ സംരക്ഷിക്കുന്നത്. കൂടാതെ മറ്റ് പമ്പിംഗ് ഉപകരണങ്ങൾ കോമ്പൗണ്ടിൽ തുരുമ്പെടുത്ത് കാട് കയറി നശിക്കുകയാണ്. സ്ഥലം എംഎൽഎകൂടിയായ മന്ത്രി കെ ടി ജലീലിനെ അറിയിച്ചിട്ടും നടപടി ഇല്ലെന്നാണ് കർഷകനായ മുഹമ്മദ് ഹാജിയുടെ പരാതി. കേരളത്തിൽ ഏറ്റവും വലിയ ഇറിഗേഷൻ പദ്ധതികളിലൊന്നായ ചെകുത്താൻകുണ്ട് നിരവധി കർഷകരുടെ ഏക ആശ്രയമാണ്. പമ്പിങ് പകുതിയായി കുറഞ്ഞതോടെ വെള്ളം ലഭിക്കാതെ പലരും കാർഷിക മേഖല ഉപേക്ഷിക്കുന്ന സ്ഥിതിയാണുള്ളത്.