തൊഴിലാളികളുടെ ശമ്പളം ഉള്‍പ്പെടെ കെഎസ്ആർടിസിയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. ലോക്സഭാ സീറ്റിന് എൻസിപിക്ക് അർഹതയുണ്ടെന്നും ഇക്കാര്യം സംബന്ധിച്ച് കേന്ദ്ര നേതാക്കളുടെ സഹായം തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു
കെഎസ്ആർടിസി ജീവനക്കാർക്ക് കഴിഞ്ഞ ദിവസം രാത്രിയോടെ തന്നെ ശമ്പളം നൽകിയിട്ടുണ്ട്. ചില സാങ്കേതിക പ്രശ്നങ്ങൾ മാത്രമാണ് ശമ്പളം വൈകുവാൻ കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ അനുവദിച്ച 20 കോടി രൂപ ട്രഷറി അക്കൗണ്ടില്‍ എത്തിയതോടെയാണ് പ്രതിസന്ധിക്ക് പരിഹാരമായത്. അതേസമയം ചില സർവീസുകൾ രാഷ്ട്രീയ സമ്മർദ്ദം കൊണ്ട് മാത്രമായിരുന്നു സര്‍വീസ് ആരംഭിച്ചതെന്നും അവ നിര്‍ത്തലാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ചില സർവീസുകൾ വീണ്ടും തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ പത്ത് മാസത്തിനിടെ ആദ്യമായാണ് കെഎസ്ആര്‍ടിസിയില്‍ ശമ്പളം വൈകുന്നത്. സാധാരണയായി മാസത്തിലെ അവസാന പ്രവൃത്തി ദിവസം നല്‍കാറുള്ള ശമ്പളം ഇത്തവണ 46 ഡിപ്പോകളില്‍ മാത്രമാണ് ലഭിച്ചത്. 93 ഡിപ്പോകളില്‍ ഇതേസമയം ശമ്പളം ലഭിക്കണമായിരുന്നു. വരുമാനം കുത്തനെ കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് നിഗമനം.