മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയില്‍ കൊവിഡ് ചികിത്സ മാത്രമാക്കാനുള്ള ജില്ല കലക്ടറുടെ ഉത്തരവിനെതിരെ കേരള ഗവൺമെന്‍റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷന്‍. ഉത്തരവ് ഏകപക്ഷീയവും അപ്രായോഗികവും ജനവിരുദ്ധവുമാണെന്ന് അസോസിയേഷന്‍ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ജില്ല കലക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്നും ഡോക്ടര്‍മാരെ വിശ്വാസത്തിലെടുക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞവര്‍ഷം ഈ നിലപാട് സ്വീകരിച്ചത് ജനങ്ങളുടെ വന്‍പ്രതിഷേധത്തിന് കാരണമായിരുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് കഴിഞ്ഞ ബുധനാഴ്ച കലക്ടറുടെ നിര്‍ദേശപ്രകാരം കൊവിഡ് ഇതര ഒ.പി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിര്‍ത്തലാക്കിയത്.
അത്യാഹിതവും അല്ലാത്തതുമായ ഗുരുതര രോഗാവസ്ഥയിലുള്ള ഗര്‍ഭിണികളുടെ പ്രസവവും ഓപ്പറേഷനും ജനറല്‍ സര്‍ജറി, എല്ലുവിഭാഗം തുടങ്ങി മറ്റു അത്യാഹിത ഓപ്പറേഷനുകള്‍ 24 മണിക്കൂറും മഞ്ചേരി മെഡിക്കല്‍ കോളജില്‍ മാത്രമാണ് നടക്കുന്നത്. ഇതിനുപുറമേ കാര്‍ഡിയോളജിസ്റ്റിന്‍റെ സേവനത്തോടെ ആന്‍ജിയോപ്ലാസ്റ്റിയും, ബ്ലാക്ക്ഫംഗസ് ബാധിച്ച കൊവിഡ് രോഗികളുടെ ഓപ്പറേഷനുകളും മഞ്ചേരിയില്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതെല്ലാം നിര്‍ത്തണമെന്നാണ് ഉത്തരവ്. 475 കിടക്കകളുള്ള മഞ്ചേരി മെഡിക്കല്‍ കോളജില്‍ 220 ഓക്‌സിജന്‍ ബെഡുകള്‍ മാത്രമാണ് നിലവിലുള്ളത്. ഓക്‌സിജന്‍ പോലും നല്‍കാനാവാത്ത 255 ബെഡുകള്‍ എന്തിന് കൊവിഡ് ചികിത്സക്ക് മാറ്റിവെക്കുന്നു എന്ന ചോദ്യത്തിന് അധികൃതര്‍ക്ക് ഉത്തരമില്ലെന്നും ഗവൺമെന്‍റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷന്‍ ആരോപിക്കുന്നു.
രണ്ടാം തരംഗം തുടങ്ങിയ അവസരത്തില്‍ ജില്ലക്ക് വേണ്ട ആക്ഷന്‍പ്ലാന്‍ തയാറാക്കി കെ.ജി.എം.ഒ.എ ജില്ല കലക്ടര്‍ക്ക് സമര്‍പ്പിച്ചിരുന്നെങ്കിലും ഇവയെല്ലാം അവഗണിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും കെജിഎംഒഎ ഭാരവാഹികൾ പറഞ്ഞു. ആവശ്യങ്ങള്‍ ജില്ല കലക്ടറെ അറിയിക്കുമെന്നും അനുകൂല നിലപാട് എടുത്തില്ലെങ്കില്‍ മുഖ്യമന്ത്രി, ആരോഗമന്ത്രി, ചീഫ്‌സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവർക്ക് പരാതി നല്‍കുമെന്നും കെ.ജി.എം.ഒ.എ ഭാരവാഹികള്‍ അറിയിച്ചു.