കോഴിക്കോട്: സര്‍ക്കാരിനെയും പൊലീസിനെയും വെട്ടിലാക്കി ഗവര്‍ണര്‍ - എസ്എഫ്ഐ പോര് പുതിയ തലത്തിലേക്ക്. തുടര്‍ച്ചയായി മൂന്നാം ദിവസവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസിലിറങ്ങിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളെ കണ്ടശേഷം മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷവിമർശനമുയർത്തി. പൊലീസിനെ നിഷ്‌ക്രിയമാക്കുന്നത് മുഖ്യമന്ത്രിയാണെന്ന് ഗവർണർ ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശമനുസരിച്ച് തനിക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പൊലീസ് നിഷ്ക്രിയമായാണ് പ്രതികരിക്കുന്നതെന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്നടിച്ച ഗവര്‍ണര്‍ തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്നും പറഞ്ഞു.
നഗരം കണ്ട് ഗവർണർ: കാലിക്കറ്റ് കാമ്പസ് വിട്ടിറങ്ങിയ ഗവർണർ കോഴിക്കോട് നഗരത്തിലേക്ക് പുറപ്പെട്ടു. മുന്‍കൂട്ടിയുള്ള അറിയിപ്പില്ലാതെ ഗവര്‍ണര്‍ യാത്രക്കിറങ്ങിയതോടെ കേരള പൊലീസ് അങ്കലാപ്പിലായി. പൊലീസ് അകമ്പടിയില്ലാതെ ജന മധ്യത്തിലേക്കിറങ്ങുകയാണെന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയത്. വൈകിട്ട് 4 മണിക്ക് ഗവര്‍ണര്‍ക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ സെമിനാറില്‍ പങ്കെടുക്കേണ്ടതുണ്ട്. അതിനിടെയാണ് മാനാഞ്ചിറ സന്ദര്‍ശിക്കാന്‍ ഗവര്‍ണര്‍ ഇറങ്ങിയത്.
മാനാഞ്ചിറയിലും മിഠായി തെരുവിലും ഗവർണർ ജനങ്ങളുമായി സംവദിച്ചു. മിഠായി തെരുവിലെ കടയില്‍ നിന്ന് ഹല്‍വ കഴിച്ച ഗവർണർ കോഴിക്കോട് നഗരത്തില്‍ കുട്ടികളെ ആശ്ലേഷിക്കുകയും കച്ചവടക്കാരുമായി സംസാരിക്കുകയും സെല്‍ഫി എടുക്കുകയും ചെയ്തു.
രണ്ടും കല്‍പിച്ച് ഗവർണർ: കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം പൊലീസാണ് തനിക്കെതിരെ അപകീർത്തികരമായ ബാനറുകളും പോസ്റ്ററുകളും ഉയർത്തിയതെന്ന ഗുരുതര ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ രംഗത്തു വന്നിരുന്നു. ഇത് കേരളത്തിൽ ഭരണഘടന സംവിധാനങ്ങൾ തകർച്ചയിലാണെന്നതിന്‍റെ വ്യക്തമായ സൂചനയാണ് നൽകുന്നതെന്ന് രാജ്ഭവന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് ആരോപിച്ചിരുന്നു. മുഖ്യമന്ത്രി തന്നെ മനപ്പൂർവം ഇത്തരം പ്രവണതകൾ കാണിച്ചാല്‍ അത് ഭരണഘടന സംവിധാനങ്ങളുടെ സമ്പൂർണ തകർച്ചയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കുമെന്നും വാർത്ത കുറിപ്പിൽ ഗവർണർ വ്യക്തമാക്കിയിരുന്നു.
ഇന്നലെ സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയ്ക്കെതിരായ ശക്തമായ സന്ദേശം നല്‍കുന്ന വാര്‍ത്താക്കുറിപ്പ് ഇറക്കിയ ഗവർണർ മുഖ്യമന്ത്രിയെയും പൊലീസിനേയും സമ്മര്‍ദ്ദത്തിലാഴ്ത്തിയാണ് ഇന്ന് പൊതുജന മധ്യത്തിലേക്ക് ഇറങ്ങുന്നത്. ഗവര്‍ണര്‍ക്കെതിരെ കാലിക്കറ്റ് കാമ്പസില്‍ എസ്എഫ്ഐയും തെരുവില്‍ ഡിവൈഎഫ്ഐയും പ്രതിഷേധ പരിപാടികള്‍ കടുപ്പിക്കുന്നതിനിടെയാണ് ഗവര്‍ണറുടെ അപ്രതീക്ഷിത നീക്കം.
സുരക്ഷ വേണ്ടെന്ന് ഗവര്‍ണര്‍ ഡിജിപിക്ക് കത്തു നല്‍കിയിട്ടുണ്ടെങ്കിലും സര്‍ക്കാരിനും പൊലീസിനും നോക്കു കുത്തിയായി നില്‍ക്കാന്‍ ഈ ഘട്ടത്തിലാവില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഇന്നലെ പൊലീസിനെ ഉപയോഗിച്ച് നീക്കിയ സര്‍വകലാശാല കാമ്പസിലെ ബാനറുകള്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വീണ്ടും ഉയര്‍ത്തിയത് പൊലീസിന്‍റെ മൗനാനുവാദത്തോടെയാണെന്ന നിലപാടിലാണ് രാജ്ഭവന്‍. അതേ സമയം കാര്യങ്ങള്‍ തെരുവുയുദ്ധത്തിന്‍റെ തലത്തിലേക്ക് നീക്കുന്ന ഗവര്‍ണറെ തിരിച്ചു വിളിക്കാന്‍ ആവശ്യപ്പെടേണ്ടി വരുമെന്ന് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ഒരേ സ്വരത്തില്‍ പറയുന്നു.