മലപ്പുറം: കവളപ്പാറ ദുരന്തത്തിൻ്റെ രണ്ടാം വർഷത്തിലും ദുരന്തത്തിനിരയായവരുടെ പുനരധിവാസം നടപ്പാക്കാത്തതിനെതിരെ ആദിവാസികൾ തെരുവിൽ അടുപ്പുകൂട്ടി പ്രതിഷേധിച്ചു. കോൺഗ്രസ് പോത്തുകല്ല് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം കെ.പി.സി.സി അംഗം ആര്യടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.
ദുരന്തത്തിൽ ഉറ്റവരും വീടും പുരയിടവും ഉൾപ്പടെ സകലതും നഷ്‌ടപ്പെട്ട ആദിവാസി വിഭാഗത്തിൽപ്പെട്ട 32 കുടുംബങ്ങൾ ഇപ്പോഴും പോത്തുകല്ല് അങ്ങാടിയിലെ ദുരിതാശ്വാസ ക്യാംപിലാണ് കഴിയുന്നത്. 6 മാസത്തിനുള്ളിൽ പുനരധിവാസം നടപ്പാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇന്നും ദുരിതപൂർണമാണ് ഇവരുടെ ജീവിതം.
READ MORE: കവളപ്പാറ ദുരന്തത്തിന് രണ്ടാണ്ട്; പൂര്‍ത്തിയാകാതെ പുനരധിവാസം, ദുരിത ബാധിതര്‍ ക്യാമ്പില്‍ തന്നെ
ഏറെ നാളത്തെ മുറവിളികൾകൊടുവിൽ ഹൈക്കോടതിയെ സമീപിച്ചതിനൊടുവിലാണ് പുനരധിവാസത്തിന് സഹായം ലഭിച്ചത്. ഇതാവട്ടെ മുഴുവൻ പേർക്കും കിട്ടിയിട്ടുമില്ല. അതിനാൽ തന്നെ വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാകാനാണ് ഇവരുടെ തീരുമാനം.