മലപ്പുറം: കെ.എ.ടി.എഫ് ഓൺലൈൻ ഐ.ടി പരീക്ഷ വിജയികളെ പ്രഖ്യാപിച്ചു. സംസ്ഥാന ഐ.ടി വിങ്ങിന്‍റെ ആഭിമുഖ്യത്തിൽ നടന്ന പരീക്ഷയുടെ റാങ്ക് ജേതാക്കളെ നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണനാണ് പ്രഖ്യാപിച്ചത്. പൊതു വിദ്യാഭ്യാസ മേഖലയിൽ എല്ലാവരേയും വിസ്മയിപ്പിച്ചുള്ള കടന്നു വരവാണ് കെ.എ.ടി.എഫ്
ഐ.ടി വിങ്ങിന്‍റെ നേതൃത്വത്തിൽ പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ അനുസരിച്ച് 20 ദിവസം നീണ്ടു നിന്ന ഒന്നാം ഘട്ട പരിശീലനത്തിൽ നാലായിരത്തോളം അധ്യാപകർ പങ്കെടുത്തു. ജൂൺ 17, 18 തീയതികളിൽ പരിശീലനത്തിൽ പങ്കെടുത്ത അധ്യാപകർക്ക് തിയറി, പ്രാക്ടിക്കൽ പരീക്ഷകൾ നടത്തിയതിന്‍റെ ഫലമാണ് പ്രഖ്യാപിച്ചത്. കാലത്തിനും സാഹചര്യത്തിനും അനുസരിച്ച് മാറുകയും അവസരങ്ങൾ ഫലപ്രഥമായി വിനിയോഗിക്കുകയും ചെയ്യുന്നവരാണ് വിജയികളാകുന്നതെന്നും ലോക്ക് ഡൗൺ കാലത്ത് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ നവീനമായൊരു രീതിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും അതിൽ അവരെ പ്രത്യേകം അഭിനന്ദിക്കുന്നതായും സ്പീക്കർ പറഞ്ഞു. 572 പേർ 70 ശതമാനം മാർക്ക് നേടി സംസ്ഥാന തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. പാലക്കാട് ജില്ലയിലെ പൊമ്പിലായ എഴുവന്തല എ.എൽ. പി. സ്കൂൾ അധ്യാപകനായ മുഹമ്മദ് ഹനീഫ ഒന്നാം റാങ്ക് കരസ്ഥമാക്കി. മലപ്പുറം മങ്കട സബ് ജില്ലയിലെ ജി.എൽ.പി.എസ് പടിഞ്ഞാറ്റുമുറി സ്കൂൾ അധ്യാപിക അസീല ഇ.ടി. രണ്ടാം റാങ്കും കണ്ണൂർ പാപ്പിനിശ്ശേരി സബ് ജില്ലയിലെ അത്താഴക്കുന്ന് മാപ്പിള എൽ. പി.എസ് അധ്യാപകൻ സുലൈമാൻ.സി മൂന്നാം റാങ്കും കരസ്ഥമാക്കി.
വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും ട്രോഫികളും കെ.എ.ടി.എഫ്. സംസ്ഥാന സമിതി നൽകുമെന്ന് പ്രസിഡന്‍റ് എം.വി.അലിക്കുട്ടിയും മാഹിൻ ബാഖവിയും അറിയിച്ചു. ചടങ്ങിൽ കെ.എ.ടി.എഫ് സംസ്ഥാന സെക്രട്ടറി ടി.പി. അബ്ദുൽ ഹഖ്, ഇബ്രാഹിം മുതൂർ, എം.പി. അബ്ദുൽ ഖാദർ , മൻസൂർ മാടമ്പാട്ട്, ഐ.ടി. വിങ്ങ് നേതാക്കളായ സഫീർ മുഹ്സിൻ, സി.എം.മിസ്ഹബ്, ലത്തീഫ് മംഗലശേരി, നജ്മുദ്ദീൻ കാളികാവ്, അബ്ദുൽ റഹ്മാൻ അമാൻ,അനീസ് കരുവാരക്കുണ്ട്, സൽമാൻ വയനാട്, ഹസൻകോയ ചാലിയം ഷാജൽ കക്കോടി തുടങ്ങിയവർ പങ്കെടുത്തു. 20 ദിവസം നീണ്ടു നിന്ന പരിശീലനത്തിന് സഹീർ പുന്നാട്, അഹ്മദ് സദ്ദാദ്, നസീർ മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.