കോഴിക്കോട്: മലബാറിലെ യാത്രക്കാർക്ക് ആശ്വാസമായി കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും 24 മണിക്കൂർ സർവ്വീസ് പുനരാരംഭിക്കുന്നു. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതോടെ ഒക്ടോബർ 28 മുതലാണ് സർവീസുകൾ പുനരാരംഭിക്കുന്നത്. റൺവേ റീ കാർപറ്റിങ് ജോലി നേരത്തെ പൂർത്തിയായിരുന്നെങ്കിലും അനുബന്ധ പ്രവൃത്തികൾ ഇപ്പോഴാണ് തീർന്നത്.
റൺവേയിൽ നിന്നും വിമാനങ്ങൾ തെന്നിമാറിയാൽ ഉണ്ടാകുന്ന അപകടം ഒഴിവാക്കാനായി വശങ്ങളിൽ മണ്ണിട്ട് ഉറപ്പിച്ചിരിക്കുകയാണ്. മണ്ണ് ലഭിക്കാൻ കാലതാമസം നേരിട്ടതും കാലവർഷം ശക്തമായതും പ്രവൃത്തികൾ നീളാൻ കാരണമായി. ഒരു വശത്ത് മണ്ണിട്ടു നിരപ്പാക്കൽ പൂർത്തിയായിരുന്നെങ്കിലും മറുവശത്ത് ഗ്രേഡിങ് വൈകി. ആവശ്യത്തിന് മണ്ണ് കിട്ടിയപ്പോൾ മഴയില്ലെങ്കിൽ രണ്ടാഴ്‌ച കൊണ്ട് പൂർത്തിയാക്കാവുന്ന ജോലിയാണ് നീണ്ടുപോയത്.
നിലവിൽ രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെയാണ് റൺവേ അടച്ചിടുന്നത്. ജനുവരിയിൽ ആരംഭിച്ച റീ കാർപറ്റിങ് ജോലി ജൂൺ ആദ്യവാരത്തിൽ പൂർത്തിയായിരുന്നു. പ്രവൃത്തി ഏറ്റെടുത്ത കമ്പനിക്ക് നവംബർ വരെ ജോലി പൂർത്തിയാക്കാൻ കാലാവധിയുണ്ടായിരുന്നിട്ടും മാസങ്ങൾക്കു മുൻപുതന്നെ റീ കാർപറ്റിങ് പൂർത്തിയാക്കാൻ കഴിഞ്ഞു.
റൺവേയിലെ ടാറിങ് മാറ്റിസ്ഥാപിക്കൽ, പ്രതലം ബലപ്പെടുത്തൽ, റൺവേയുടെ മധ്യത്തിൽ ലൈറ്റിങ് സംവിധാനങ്ങൾ സ്ഥാപിക്കൽ, എന്നിവയുടെ പ്രവർത്തികളും പൂർത്തികരിച്ചു. ഡൽഹി കേന്ദ്രീകരിച്ചുള്ള എൻ.എസ്.സി കമ്പനിയാണ് കരാർ ഏറ്റെടുത്തിരുന്നത്. അതിനിടെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഹജ്ജ് സർവീസിനായി റൺവേ തുറന്ന് കൊടുത്തിരുന്നു.