മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ ആള്‍ പിടിയില്‍. കോഴിക്കോട് സ്വദേശി അബ്‌ദുള്‍ ഷെരീഫിനെയാണ് കസ്റ്റംസ് അറസ്റ്റുചെയ്‌തത്. സൈക്കിളിന്‍റെ സീറ്റിനടിയിലെ ലോഹഭാഗം സ്വര്‍ണം ചേര്‍ത്ത് നിര്‍മിച്ചാണ് പ്രതി കള്ളക്കടത്തിന് ശ്രമിച്ചത്.
ഇന്ന് (സെപ്‌റ്റംബര്‍ 24) രാവിലെയാണ് സംഭവം. സൈക്കിള്‍ സീറ്റിന് അടിവശമുള്ള, ഇരിപ്പിടം ഉറപ്പിക്കാന്‍ ഉപയോഗിക്കുന്ന ലോഹഭാഗമാണ് സ്വര്‍ണം ചേര്‍ത്ത് നിര്‍മിച്ചത്. ഈ ലോഹഭാഗത്തിന്‍റെ 81 ശതമാനവും സ്വര്‍ണമായിരുന്നുവെന്നും കൂടാതെ സിങ്ക്, നിക്കല്‍, സില്‍വര്‍ തുടങ്ങിയവയും ഇതിലുണ്ടായിരുന്നെന്നും കസ്റ്റംസ് പറഞ്ഞു. 1,037 ഗ്രാം സ്വര്‍ണമാണ് വേര്‍തിരിച്ചെടുത്തത്.
കുടുങ്ങിയത് ഭാരക്കൂടുതലില്‍ : ദുബായിലെ അല്‍ഐനില്‍ നിന്നാണ് ഷെരീഫ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. സൈക്കിളിന്‍റെ ഭാഗങ്ങള്‍ വെവ്വേറെയായി വലിയ പെട്ടിയിലാണ് കൊണ്ടുവന്നത്. ഇതിന്‍റെ ഭാരക്കൂടുതല്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരിശോധിച്ചത്. എന്നാല്‍ ആദ്യഘട്ടത്തില്‍ ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് വിശദമായി പരിശോധിച്ചതോടെയാണ് സ്വര്‍ണം കണ്ടെടുത്തത്.
ഏകദേശം എട്ടുമണിക്കൂറോളം സമയമെടുത്താണ് ലോഹഭാഗത്തുനിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുത്തത്. പലതരത്തിലും സ്വര്‍ണക്കടത്ത് നടക്കാറുണ്ടെങ്കിലും മറ്റ് ലോഹങ്ങള്‍ക്കൊപ്പം സ്വര്‍ണം കൂടി ചേര്‍ത്ത് കടത്തുന്നത് ആദ്യമായാണ്. അടുത്തകാലത്ത് നടത്തിയ ഏറ്റവും ശ്രമകരമായ ദൗത്യമാണിതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.