മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാന സര്‍വീസുകള്‍ പുനരാംഭിക്കാന്‍ സാധ്യത. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് വിമാനത്താവളത്തിന് അനുകൂലമാണ്. സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന് മുന്‍പ് റൺവേയിലെ റബർ ഡെപ്പോസിറ്റ് നീക്കം ചെയ്യാനും ചെറിയ ക്രമീകരണങ്ങള്‍ വരുത്താനും വിമാനത്താവള അതോറിറ്റിക്കും വിമാനകമ്പനികള്‍ക്കും സംഘം നിര്‍ദേശം നല്കി. റൺവേ ഘർഷണം വർധിപ്പിക്കാനുള്ള നടപടിയും സ്വീകരിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.
കഴിഞ്ഞ നവംബർ 25നാണ് വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഡിജിസിഎ ചെന്നൈ റീജനൽ ഡെപ്യൂട്ടി ഡയറക്ടർ ദുരൈ രാജിന്റെ നേതൃത്വത്തിലുള്ള സംഘം കരിപ്പൂരിൽ പരിശോധന നടത്തിയത്. ഇവരുടെ റിപ്പോർട്ടാണ് ഡിജിസിഎ കേന്ദ്രത്തിന് സമർപ്പിച്ചത്. എയർ ഇന്ത്യ, സൗദി എയർലൈൻസ് എന്നിവ സർവിീസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള സ്റ്റാൻഡേർഡ് ഓപറേറ്റിങ് പ്രൊസീജിയർ (എസ്ഒപി) തയ്യാറാക്കണം. ഇതിന് വേണ്ട നിർദേശങ്ങളും സംഘം മുന്നോട്ട് വച്ചിട്ടുണ്ട്. കാറ്റിന്റെ ഗതിയുൾപ്പടെ പരിഗണിച്ചാണ് ഇത് തയ്യാറാക്കേണ്ടത്. ഈ നടപടിക്രമങ്ങൾ പൂർത്തിയായാൽ കരിപ്പൂരിൽ നിന്ന് വലിയ വിമാന സർവീസുകൾ വീണ്ടും പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.