ശബരിമല ദർശനത്തെ തുടർന്ന് ഭര്‍തൃവീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട കനകദുര്‍ഗ്ഗ കോടതിവിധിയുടെ പിന്‍ബലത്തില്‍ വീട്ടിലെത്തി. എന്നാൽ കനകദുർഗ്ഗക്കൊപ്പം താമസിക്കാനാകില്ലെന്ന് പറഞ്ഞ് ഭർത്താവും ഭർതൃമാതാവും മറ്റൊരു വീട്ടിലേക്ക് താമസം മാറി.
പുലാമന്തോള്‍ ഗ്രാമന്യായാലയമാണ് കനകദുർഗ്ഗക്ക് ഭര്‍തൃ വീട്ടില്‍ പ്രവേശനവും സുരക്ഷയും നല്‍കണമെന്ന് ഉത്തരവിട്ടത്. വീട്ടില്‍ പ്രവേശിക്കാനും കുട്ടികള്‍ക്കൊപ്പം കഴിയാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗാര്‍ഹിക പീഡന നിരോധന നിയമ പ്രകാരം കനകദുര്‍ഗ്ഗ നല്‍കിയ പരാതിയിലായിരുന്നു വിധി. കനക ദുർഗ്ഗ വീട്ടിൽ പ്രവേശിക്കുന്നതിനെ എതിർത്ത ഭർതൃവീട്ടുകാർ വിധി പ്രതികൂലമായതിനെ തുടർന്ന് മറ്റൊരു വീട്ടിലേക്ക് താൽക്കാലികമായി താമസം മാറി.
വീട്ടുകാർ വീട് വിട്ട് പോയതിൽ ബുദ്ധിമുട്ടുണ്ടോ എന്ന ചോദ്യത്തിന് എല്ലാ പ്രശ്നവും കാലം പരിഹരിക്കുമെന്നായിരുന്നു കനകദുർഗ്ഗയുടെ മറുപടി. അവര്‍ക്ക് ഒപ്പം താമസിക്കാന്‍ താത്പര്യമില്ലാത്തത് കൊണ്ടാണല്ലോ മറ്റ് വീട്ടിലേക്ക് പോയതെന്നും തനിക്ക് ബുദ്ധിമുട്ടില്ലെന്നും കനകദുര്‍ഗ്ഗ പറഞ്ഞു. അവരുടെ കൂടെ ജീവിക്കാന്‍ തയ്യാറാണ്. കോടതി വിധിയില്‍ സന്തോഷമുണ്ട്. കുട്ടികള്‍ ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കനകദുര്‍ഗ്ഗ പറഞ്ഞു.