മലപ്പുറം: മലപ്പുറം എംഎസ്‌പി ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡിൽ കായിക വകുപ്പ് മന്ത്രി വി അബ്‌ദുറഹിമാന്‍ അഭിവാദ്യം സ്വീകരിച്ചു. പരേഡും അനുബന്ധ പരിപാടികളും രാവിലെ എട്ട് മണി മുതലാണ് ആരംഭിച്ചത്. വിവിധ സേനകളുടെ പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ശേഷം മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.
രാവിലെ മലപ്പുറം നഗരസഭ പരിധിയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുക്കുന്ന പ്രഭാത ഭേരിയോടെയാണ് ആഘോഷങ്ങള്‍ തുടങ്ങിയത്. പ്രഭാത ഭേരിയില്‍ 10 വിദ്യാലയങ്ങളില്‍ നിന്നുള്ള 3006 കുട്ടികള്‍ പങ്കെടുത്തു. ബാന്‍റ് സെറ്റുകളുടെയും സ്‌കൗട്ട്‌സ് ആന്‍റ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ് മാര്‍ച്ച് പാസ്റ്റിന്‍റെയും മറ്റും അകമ്പടിയോടെയായിരുന്നു പ്രഭാതഭേരി.
പരേഡിന് ശേഷം ജില്ലയിലെ തെരഞ്ഞെടുത്ത 6 വിദ്യാലയങ്ങളില്‍ നിന്നുള്ള 90 വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വിവിധ സാംസ്‌കാരിക പരിപാടികളും നടന്നു. പരേഡിന് എംഎസ്‌പി അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് കെ രാജേഷ് നേതൃത്വം നൽകി. സിവില്‍സ്റ്റേഷനിലുള്ള യുദ്ധ സ്‌മാരകത്തില്‍ പുഷ്‌പാര്‍ച്ചന നടത്തിയ ശേഷമാണ് മന്ത്രി പരേഡ് ഗ്രൗണ്ടില്‍ എത്തിയത്.