മലപ്പുറം: കരുവാരക്കുണ്ട് മാമ്പറ്റയിൽ പുഴ ഗതിമാറി ഒഴുകുന്നത് ഒഴിവാക്കാൻ ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടപടി ആരംഭിച്ചു. മാമ്പറ്റ പാലത്തിന് 300 മീറ്റർ അകലെയാണ് പുഴ നേർ ദിശയിൽ ഒഴുകാൻ സൗകര്യമൊരുക്കിയത്. ജെസിബി ഉപയോഗിച്ച് കല്ലും മണ്ണും നീക്കം ചെയ്യാന്‍ ആരംഭിച്ചു.
മലവെള്ളപാച്ചിലിൽ വീടുകളിലേക്ക് വെള്ളം കയറുന്നത് ഒഴിവാക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രണ്ടു ദിവസം മുൻപുണ്ടായ മലവെള്ള പാച്ചിലിൽ പ്രദേശത്തെ നിരവധി വീടുകളില്‍ വെള്ളം കയറിയിരുന്നു. പുഴ ഗതിമാറി ഒഴുകുന്നതാണ് ഇതിന് കാരണം. മേഖലയിലെ കുടുംബങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വീടുകളിലേക്ക് വെള്ളം കയറുന്നത് തടയാൻ സംരക്ഷണ ഭിത്തി നിർമിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.