മലപ്പുറം: എടവണ്ണയിലെ ലോട്ടറി കടയിൽ പൊലീസ് ചമഞ്ഞെത്തിയ ആൾ പണവും മൊബൈൽ ഫോണുകളും തട്ടിയെടുത്തു. പ്രതിക്കായി തിരച്ചിൽ ആരംഭിച്ചതായി എടവണ്ണ പൊലീസ് അറിയിച്ചു. 30,000 രൂപയും ഒരു മൊബൈൽ ഫോണുമാണ് ഇയാൾ തട്ടിയെടുത്തത്. എടവണ്ണ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലക്ഷ്മി ലോട്ടറി കടയിലാണ് തട്ടിപ്പ് നടന്നത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. സ്പെഷ്യല്‍ പൊലീസാണെന്ന് പറഞ്ഞെത്തിയ ആൾ കടയിൽ കയറുകയും പണവും മറ്റും സൂക്ഷിച്ച മേശ തുറന്ന് പരിശോധിക്കുകയും ചെയ്തുവെന്ന് കടയുടമ പറയുന്നു. തുടർന്ന് മേശയിൽ സൂക്ഷിച്ചിരുന്ന 30,000 രൂപയും കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണും ഇയാൾ ആവശ്യപ്പെട്ടു. സ്റ്റേഷനിലേക്ക് പോകാമെന്ന് പറഞ്ഞ് കടയുടെ ഷട്ടർ താഴ്ത്തുകയും, കടയുടമയുമായി പുറത്തിറങ്ങുകയും ചെയ്തു. തുടർന്ന് കടയുടമയായ രഘുവിന്റെ കാറിൽ സ്റ്റേഷനിലേക്ക് പോവാം എന്ന് ഇയാൾ ആവശ്യപ്പെടുകയും ചെയ്തു. കടയുടമ വാഹനം എടുക്കാൻ പോയ സമയം ഇയാൾ ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് കടയുടമ രഘു പറഞ്ഞു. പ്രതി ഓട്ടോയിൽ കയറി രക്ഷപ്പെടുന്നത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ഇയാൾ രക്ഷപ്പെട്ട ഓട്ടോയുടെ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്തതിൽ നിന്നും എടവണ്ണ സീതിഹാജി പാലത്തിന് സമീപത്തായി പ്രതി ഇറങ്ങിയതായി കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.