മലപ്പുറം: തമിഴ്നാട്ടിലേക്ക് ജീവന്‍ രക്ഷാ മരുന്ന് എത്തിച്ച് നല്‍കി കേരള ഫയര്‍ ഫോഴ്സ്. ലോക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി അടച്ചിരിക്കെയാണ് കേരള ഫയര്‍ ഫോഴ്സിന്‍റെ മാതൃകാ പരമായ നടപടി. ക്യാന്‍സര്‍ രോഗിയായ ദേവാല സ്വദേശിക്കായാണ് മരുന്ന് എത്തിച്ച് നല്‍കിയത്. കോഴിക്കോട് എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററില്‍ നിന്നും ഫയര്‍ ഫോഴ്സ് മരുന്ന് എത്തിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രിയാണ് തമിഴ്നാട് നിന്നും രോഗിയുടെ ബന്ധുക്കള്‍ കേരള ഫയര്‍ ഫോഴ്സിനെ സമീപിച്ചത്. ഇതോടെ എം.വി.എആര്‍ ക്യാന്‍സര്‍ സെന്‍റുമായി സേന ബന്ധപ്പെട്ടു. മരുന്ന് ലഭ്യമാണെന്ന് അറിഞ്ഞതോടെ സേനംഗങ്ങള്‍ തന്നെ മുന്‍കൈ എടുത്ത് മരുന്ന് എത്തിച്ച് നല്‍കുകയായിരുന്നു.
കോള്‍ ലഭിച്ച ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ എം. അബ്ദുല്‍ഗഫൂര്‍ വിവരം മുക്കം ഫയര്‍സ്റ്റേഷന് കൈമാറി. മുക്കം ഫയര്‍ സ്റ്റേഷനിലെ ജീവനക്കാര്‍ എം. വി ആര്‍ ആശുപത്രിയില്‍ നിന്ന് മരുന്ന് വാങ്ങി ഞായറാഴ്ച രാവിലെ നിലമ്പൂരില്‍ എത്തിച്ചു. എട്ട് മണിയോടെ നിലമ്പൂര്‍ ഫയര്‍ ഫോഴ്സിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഇ.എം ഷിന്റു, എ.എസ് പ്രദീപ്, സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ റംസാന്‍ ടാണ എന്നിവര്‍ ചേര്‍ന്ന് തമിഴ്‌നാട് അതിര്‍ത്തിയില്‍ നാടുകാണി ചുരത്തില്‍വെച്ച് ദേവാല സ്വദേശിയായ രോഗിയുടെ ബന്ധുവിന് മരുന്ന് കൈമാറി. മുന്‍പ് കുടുംബം തമിഴ്നാട് പൊലീസിനോട് സഹായം അഭ്യര്‍ഥിച്ചെങ്കിലും നിരാശയായിരുന്നു ഫലമെന്നും ബന്ധുക്കള്‍ പറഞ്ഞു.
സംസ്ഥാനത്ത് എല്ലായിടത്തും ജീവന്‍രക്ഷാമരുന്നില്ലാതെ ദുരിത്തിലായവര്‍ക്ക് 101 നമ്പറില്‍ വിളിച്ചാല്‍ ഫയര്‍ഫോഴ്‌സ് മരുന്ന് വീട്ടിലെത്തിക്കും. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ നൂറുകണക്കിനാളുകള്‍ക്കാണ് ഫയര്‍ഫോഴ്‌സിന്‍റെ ഈ സേവനം തുണയാകുന്നത്. കര്‍ണ്ണാടക സംസ്ഥാനം കേരളത്തോട് സ്വീകരിച്ച സമീപനം നിരവധി ജീവനുകള്‍ അപഹരിച്ച വാര്‍ത്ത പുറത്തു വരുന്നതിനിടെയാണ് കേരളത്തിന്‍റെ മാതൃക.