മലപ്പുറം: ആൺകുട്ടികളെ ഉപയോഗിച്ച് ഹണി ട്രാപ് നടത്തിയ രണ്ട് പേരെ നിലമ്പൂർ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇരയെ ഭീഷണിപ്പെടുത്തി
അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നിലമ്പൂർ സ്വദേശി തുപ്പിനിക്കാടൻ ജംഷീർ, എന്ന ബംഗാളി ജംഷീർ (31) കൂട്ടുപ്രതി മമ്പാട് ടാണ സ്വദേശി എരഞ്ഞിക്കൽ ഷമീർ (21) എന്നിവരെ നിലമ്പൂർ പൊലീസ് ഇൻസ്പെക്‌ടർ ടി.എസ്.ബിനു അറസ്‌റ്റ് ചെയ്‌തത്.
സാമ്പത്തിക ശേഷിയുള്ള സമൂഹത്തിലെ സ്വീകാര്യതയുള്ളവരെ ആളൊഴിഞ്ഞ സ്ഥലങ്ങളിലേക്കു വിളിച്ചു വരുത്തി പ്രത്യേകം പരിശീലിപ്പിച്ച ബാലന്മാരെ കൂടെ നിർത്തി വീഡിയോയും ഫോട്ടോയും എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്.
ALSO READ: മുല്ലപ്പെരിയാര്‍ വിവാദം; നദീജല തര്‍ക്ക വിഷയങ്ങള്‍ പരിശോധിക്കാന്‍ ത്രിതല സമിതി
നവംബർ മൂന്നിന് ഒരു പോക്സോ കേസിൽ മമ്പാട് മേപ്പാടം വള്ളിക്കാടൻ അയ്യുബ് (30,), ചന്ദ്രോത്ത് അജിനാസ് (30) എന്നിവരെ നിലമ്പൂർ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഈ കേസിന്‍റെ അന്വേഷണത്തിലാണ് ഇത്തരത്തിലുള്ള തട്ടിപ്പിനെ കുറിച്ച് പൊലീസിന് കൂടുതൽ വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അനേഷണത്തിലാണ് ഈ രണ്ട് പ്രതികളും ഈ കേസിൽ ഉൾപ്പെട്ടതായി കണ്ടത്തിയത്.
സംഘം ഇത്തരത്തിൽ പലരെയും കെണിയിൽ വീഴ്‌ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്. പലരും ഭീഷണി ഭയന്നും നാണക്കേട് കൊണ്ടും പരാതിയുമായി വരാൻ തയ്യാറാകാത്തതാണ് സംഘത്തിന് സഹായമായത് എന്നാണ് പൊലീസ് പറയുന്നത്. ഓരോ ഇരയെയും അവരെ വിളിച്ചു വരുത്തേണ്ട സൗകര്യപ്രദമായ സ്ഥലങ്ങളും നേരെത്തെ കണ്ടെത്തുന്ന സംഘം ബലന്മാരെയും സ്ഥലത്തു മുൻകൂട്ടി എത്തിച്ചു പരിശീലനം കൊടുക്കും. തുടർന്ന് സംഘത്തിലെ ചില ആളുകൾ കെണിയിൽ വീഴുന്നവരെ ബാലന്‍റെ ബന്ധുക്കളാണെന്ന് പറഞ്ഞു പെട്ടെന്ന് ഓടിയെത്തി മർദിക്കും.
അപ്പോൾ മറ്റൊരു സംഘം വന്ന് ഇരയെ മർദനത്തിൽ നിന്നും രക്ഷപ്പെടുത്തി സമാധാനിപ്പിച്ച് പ്രശ്‌നം പരിഹരിക്കാം എന്നു പറഞ്ഞു കൊണ്ട് വാഹനത്തിൽ കയറ്റി നിലമ്പൂർ ഒ.സി.കെ ഓഡിറ്റോറിയത്തിന് സമീപമുള്ള ബംഗാളി ജംഷീറിന്‍റെ ആഡംബര ഓഫിസിലേക്ക് കൊണ്ടുവരും. അവിടെ വെച്ച് ജംഷിർ വക്കീൽ ഗുമസ്ഥനായി അഭിനയിച്ച് വക്കീലുമാരെയും പൊലീസ് ഓഫിസിർമാരെയും വിളിക്കുന്ന പോലെ അഭിനയിച്ച് ഇരയെ സമ്മർദത്തിലാക്കി വലിയ തുകക്ക് ഒത്തു തീർപ്പാക്കും.
തുച്ഛമായ തുകയോ ഭക്ഷണം വസ്ത്രം എന്നിവയോ വാങ്ങികൊടുത്ത് ബാലന്മാരെ പറഞ്ഞുവിടും. വലിയ പങ്ക് ജംഷീര്‍ കൈക്കലാക്കും. ഇത്തരത്തിൽ നാടകീയരംഗങ്ങൾ നടത്തിയാണ് പ്രതികൾ തട്ടിപ്പ് നടത്തി ലക്ഷങ്ങൾ തട്ടിയെടുത്തത്.
അതെ സമയം വീതം വെപ്പിൽ തർക്കിക്കുന്നവരെ ഭയപ്പെടുത്തി ഒഴിവാക്കും. ഇത്തരത്തിൽ വലിയ വീടും കാറുമൊക്കെ സംഘടിപ്പിച്ച് ജംഷീര്‍ ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.