മലപ്പുറം: വീട് നിർമാണത്തിനാവശ്യമായ ന്യൂജൻ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ് മലപ്പുറം പാണ്ടിക്കാടിലെ ആറാം ക്ലാസുകാരനായ ഹാഷിൽ. ലോക്ക് ഡൗൺ സമയത്താണ് ഹാഷിലിന്‍റെ കുഞ്ഞു ബുദ്ധിയിൽ ഇത്തരത്തിലൊരു ആശയം ഉദിച്ചത്. വീട് നിർമാണം വളരെ ചെലവ് കുറഞ്ഞ രീതിയിലും ചെയ്യാൻ സാധിക്കുമെന്നതാണ് ഹാഷിലിന്‍റെ കണ്ടുപിടുത്തം.
ഹാഷിൽ രണ്ടു മാസം കൊണ്ടാണ് ഇതിനാവശ്യമായ മെഷീന്‍ നിർമിച്ചത് . വലിയ സാങ്കേതിക വിദ്യയുടെ ചെറിയ മാതൃകയാണ് താൻ തയ്യാറാക്കിയതെന്നും ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്താൽ വീടു നിർമ്മാണം വളരെ എളുപ്പമാകുമെന്നും ഹാഷിൽ പറഞ്ഞു. ഇതോടൊപ്പം കണ്ടെയ്നർ ലോറിയിൽ നിന്നും കല്ലുകൾ ഇറക്കുന്ന മെഷീനും ഹാഷിൽ നിർമിച്ചിട്ടുണ്ട്. പഠനത്തോടൊപ്പം ഹാഷിലിന്‍റെ ഈ കഴിവിനേയും പ്രോത്സാഹിപ്പിക്കുമെന്ന് പിതാവ് സക്കീർ ഹുസൈൻ പറയുന്നു. ഇതിനു മുൻപും നിരവധി വസ്തുക്കൾ നിർമിച്ചിട്ടുള്ള ഹാഷിൽ അടുത്ത കണ്ടുപിടുത്തത്തിനായുള്ള തയ്യാറെടുപ്പിലാണ്.