മലപ്പുറം: മമ്പാട് വടപുറം താളിപ്പൊയിലിലെ മൂന്നര ഏക്കർ തരിശിടം മെഡിക്കൽ വിദ്യാർഥികളും, എൻഞ്ചിനിയറിങ് വിദ്യാർഥികളും ബിരുദ, ബിരുദാനന്തര വിദ്യാർഥികളുമായ ഒൻപതംഗ സംഘം ഹരിതാഭമാക്കി. 1600 വാഴകളും പച്ചക്കറികളും നിറഞ്ഞ് മണ്ണ് ഇപ്പോൾ പച്ചപുതച്ചിരിക്കുന്നു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമെത്തി ഈ പ്രൊഫഷണൽ സംഘത്തിനൊപ്പം ചേർന്ന് ആദ്യഘട്ട വിളവെടുപ്പ് ആവേശകരമാക്കി.
മെഡിക്കൽ വിദ്യാർഥി നിദിൽ അലി, എൻജിനീയറിങ് വിദ്യാർഥികളായ റാഹിദ് മുഹമ്മദലി, ആദിൽ ഷാൻ, എൻജിനീയർമാരായ സഫ്ത്തറലി, റിജിൽ, ഹോട്ടൽ മാനേജ്‌മെന്‍റ് ബിരുദധാരി ജിഷ്ണു പ്രസാദ്, ബിരുദ വിദ്യാർഥികളായ ടി.പി. നിഫിൻ, അരുൺ, ബിരുദാനന്തര ബിരുദ വിദ്യാർഥി അജിൻ എന്നിവർ ചേർന്നാണ് കൃഷി ഇറക്കിയത്. ലോക്ക് ഡൗൺ പ്രതിസന്ധികാലത്ത് കൃഷിയ്ക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞാണ് പുതിയ പാഠം പഠിക്കാനിറങ്ങിയതെന്ന് ഇവർ പറയുന്നു. ലോക്ക് ഡൗൺ കാലത്തെ പ്രതിസന്ധി മറികടക്കാൻ തങ്ങളുടേതായ മാതൃക സ്വീകരിച്ച സംഘത്തെ പഞ്ചായത്ത് പ്രസിഡന്‍റ് സമീന കാഞ്ഞിരാല ഉൾപ്പെടെയുള്ള ജനപ്രതിനിധികളും അനുമോദിച്ചു. കൃഷിക്കായി സ്ഥലം ഒരുക്കൽ ഉൾപ്പെടെയുള്ള പ്രവൃത്തികളെല്ലാം ഇവർതന്നെയാണ് നടത്തിയത്. കൃഷി വകുപ്പിൽ നിരന്തരം ബന്ധപ്പെട്ട് അറിവുകളും തേടി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് കൃഷി ഒരുക്കിയത്.